മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീം 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 2022ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ചില വലിയ മാറ്റങ്ങളുണ്ടാകുമെന്ന് അറിയാം. ആ ലോകകപ്പിലേക്ക് ഇന്ത്യ യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനെയാണ് നിങ്ങള്‍ ലക്ഷ്യംവയ്ക്കേണ്ടത്. നിങ്ങളുടെ മുതിര്‍ന്ന കളിക്കാര്‍ നിങ്ങളെ നയിക്കും. അവരുടെ കാലടികള്‍ പിന്തുടരുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങളെ മറികടക്കാം. നവി മുംബൈയിലെ ഫാദര്‍ ഏയ്ഞ്ചല്‍ സ്കൂള്‍ മൈതാനിയില്‍ വച്ച് ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
പതിനഞ്ചു വയസ്സിന് താഴെയുള്ള ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങിലാണ് പ്രോത്സാഹജനകമായ വാക്കുകള്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത്. ഫൈനലില്‍ മേഘാലയ ഒഡീഷയെ 1-0ന് തോല്‍പ്പിച്ചു. മഹാനായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ചെറുപ്പക്കാരോട് ഫുട്ബോളിനെ അമിതാവേശത്തോടെ സമീപിക്കാനും ഉപദേശിച്ചു.
കളിയോട് കൂടുതല്‍ അഭിനിവേശം പ്രകടിപ്പിക്കണമെന്ന ലളിതമായ ഉപദേശമാണ് തനിക്ക് നല്‍കാനുള്ളത്. കളിയോട് ഭ്രാന്തമായ സ്നേഹം കാട്ടണം. അത് നിങ്ങളെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കും. സ്വപ്നങ്ങള്‍ കാണുകയും അതിനെ സദാ പിന്തുടരുകയും ചെയ്യുക. അങ്ങനെ സ്വപ്നം യാഥാര്‍ഥ്യമായി മാറും. കുട്ടികള്‍ക്കായി മാസ്റ്റ്റോയുടെ വാക്കുകള്‍ സച്ചിന് ഉദ്ധരിച്ചു.
ആവേശമാണ് തന്നെ ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിച്ചത്. ക്രിക്കറ്റിനെ താന്‍ ഭ്രാന്തമായി സ്നേഹിച്ചു. ഇപ്പോഴും താന്‍ ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്നു. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകരാണ് തന്റെ കരുത്ത്. അതാണ് തന്നെ ഉയരാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ അടിയറവ് പറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടേണ്ടെന്ന് രണ്ടാംസ്ഥാനക്കാരായ ഒഡീഷയോട് ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി ശരിയായ തട്ടകം തനിക്കുവേണ്ടി തയ്യാറാക്കിയിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി കളിക്കുന്ന തനിക്ക് ജനങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് വലിയ നന്ദിയുണ്ട്, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: