കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകള്‍ നാളെ രാവിലെ സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളിലേയ്ക്കും ധര്‍ണ സംഘടിപ്പിക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം. ബി സത്യന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ ബസുടമകള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബസ് ചാര്‍ജ് 6 രൂപയാക്കിയതിന് ശേഷം ഡീസലിന് മൂന്ന് രൂപയോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ സ്പെയര്‍പാര്‍ട്സിനും തൊഴിലാളികളുടെ ദിവസ വേതനത്തിലും ഗണ്യമായ വര്‍ധനവുമുണ്ടായി. പലരും ബാങ്കില്‍ നിന്നും വായ്പയെടുത്താണ് ബസ് വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ തവണകള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ഡീസലിന്റെ സെയില്‍ ടാക്സ് ഒഴിവാക്കുക,റോഡ് ടാക്സ് കുറയ്ക്കുക,വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്കുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുക,ബസ് ക്യാരേജുകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 20 ആയി ഉയര്‍ത്തുക, സ്വകാര്യ ബസും കെ.എസ്.ആര്.ടി.സി ബസും സര്‍വ്വീസ് നടത്തുന്ന സ്ഥലങ്ങളില്‍ ലാഭത്തില്‍ അല്ലാത്ത കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കുക തുടങ്ങി ആവശ്യങ്ങളും ഫെഡറേഷന് ഉന്നയിക്കുന്നു.വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചര്‍ജ് സബ്സിഡിയായി നല്‍കിയില്ലെങ്കില്‍ ബസ് ചാര്‍ജ് മിനിമം 8 രൂപയായി ഉയര്‍ത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. ആവശ്യങ്ങളില്‍ ഉടന്‍ തന്നെ പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും എം .ബി സത്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: