ബീജിംഗ്: കിഴക്കന്‍ ചൈനയിലെ ജിന്ഹ്വയില് ടോയ്ലറ്റില് ഉപേക്ഷിച്ച നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ടോയ്ലറ്റിന്റെ പൈപ്പിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുന്നുണ്ടെന്ന താമസക്കാരുടെ പരാതിയില്‍ അഗ്നിശമന സേനയെത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
പൈപ്പ് നീക്കം ചെയ്ത് പൈപ്പോടു കൂടിയാണ് അഗ്നിശമന ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പൈപ്പ് മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയും നല്കി. കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജിന്ഹ്വയിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന മേഖലയിലെ ടോയ്ലറ്റിനുള്ളില് നിന്നുമാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. നവജാത ശിശുവിനെ ആരും അറിയാതെ ടോയ്ലെറ്റിലെ മലിനജലം ഒഴുകുന്ന പെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു. ജനിച്ചയുടനെ കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ചൈനയില്‍ വര്‍ദ്ധിച്ചുവരികയാണ്. കര്‍ശനമായ കുടുംബാസൂത്രണ നിയമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ കൂടിവരുന്നതിനു കാരണമാകുന്നതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍ഭ്രൂണഹത്യയും ചൈനയില്‍ നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: