തിരുവനന്തപുരം: ഐപിഎല്‍ ക്രിക്കറ്റ് 2013 യുവപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജു വി. സാംസണിനെ സ്വീകരിക്കാന്‍ എത്തിയത് കുരുന്ന് താരങ്ങള്‍. സഞ്ജു വി. സാംസണിന്റെ അച്ഛന് നേതൃത്വം കൊടുക്കുന്ന പൂവാര്‍ ക്രിക്കറ്റ് ക്ലബ്ബിലെ കുട്ടികളാണ് സഞ്ജുവിന് ആശംസയര്‍പ്പിക്കാന്‍ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ സഞ്ചുവിനെ കരഘോഷങ്ങളോടെ പൂച്ചെണ്ടു നല്‍കിയാണ് ഭാവിയിലെ പ്രതിഭകള്‍ സ്വീകരിച്ചത്. ഐപിഎല്‍ സീസണ് നന്നായി ആസ്വദിച്ചുവെന്നും പ്രതിഭാധനരായ കളിക്കാരോടൊപ്പം കളിക്കാന്‍ സാധിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും മാധ്യമപ്രവര്‍ത്തകരോട് സഞ്ജു പറഞ്ഞു.
കോഴ വിവാദം ഒരു തരത്തിലും രാജസ്ഥാന് ടീമിനെ ബാധിച്ചില്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടായി കളിച്ചതിലാണ് പ്ലേ ഓഫിലെത്താന്‍ സാധിച്ചതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. പ്ലേഓഫ് അടുത്തതോടെ ടീം കുറച്ച് താഴോട്ടു പോയെങ്കിലും ശക്തമായി തിരിച്ചുവന്നു. രാഹുല്‍ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീമില്‍ കളിക്കാന്‍ സാധിച്ചത് ഒരു വലിയ അനുഭവമാണെന്നും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കിട്ടിയെന്നും സഞ്ജു പറഞ്ഞു. ശ്രീശാന്തിന്റെ ഭാഗത്തുനിന്നും നല്ല പിന്തുണ ലഭിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: