തിരുവനന്തപുരം: ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. ഇന്‍ഡിഗോയുടെ എ-320 എയര്‍ബസ് ലാന്‍ഡ് ചെയ്യുന്നു. പതിവുപോലെ യാത്രക്കാരിറങ്ങുന്നു. സുസ്മേര വദനനായി യൂണിഫോമില്‍ വിമാനക്കമ്പനിയൊരുക്കിയ പ്രത്യേക വാഹനത്തില്‍ പെയിലറ്റ് പുറത്തേയ്ക്ക്. യാത്രക്കാരോ വിമാനത്താവളത്തില്‍ എത്തിയവരോ ആരും ആ പെയിലറ്റിനെ ശ്രദ്ധിച്ചില്ല.
ദല്‍ഹിയില്‍ നിന്നും ബോംബെ വഴി തിരുവനന്തപുരത്തെത്തിയ ആ വിമാനം പറപ്പിച്ചത് ഒരു സാധാരണ പെയിലറ്റായിരുന്നില്ല. മുന്‍ വ്യോമയാന മന്ത്രിയും രാജ്യസഭാ എംപിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാജീവ് പ്രതാപ് റൂഡിയായിരുന്നു ആ വിഐപി പെയിലറ്റ്.
ഇന്ന് ഇന്ത്യയില്‍ കോമേഴ്സ്യല്‍ പെയിലറ്റ് ലൈസന് സുള്ള എ-320 എയര്‍ബസ് നിയന്ത്രിക്കുന്ന ഏക രാഷ്ട്രീയ വ്യക്തിത്വമാണ് രാജീവ് പ്രതാപ് റൂഡി. 800 മണിക്കൂര്‍ എ-320 വിമാനം നിയന്ത്രിച്ച രാഷ്ട്രീയ നേതാവെന്ന നിലയില്‍ ലിംകാ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്. ബീഹാറിലെ ഒരു രജപുത്ര കുടുംബത്തില്‍ ജനിച്ച റൂഡി 70കളില്‍ ചണ്ഡീഗഡിലെ ഗവണ്മെന്റ് കോളേജില്‍ എന്‍സിസി കേഡറ്റായിരിക്കുമ്പോഴുണ്ടായ പ്രേരണയിലാണ് പെയിലറ്റ് ആവാന്‍ തുനിഞ്ഞിറങ്ങിയത്. 26-ാം വയസ്സില്‍ ബീഹാറില്‍ നിന്നും എംഎല്‍എയായ റൂഡി അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനോട് ഒരു വിമാന ദുരന്തത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന പട്യാല ഫ്ലൈയിംഗ് ക്ലബ്ബില്‍ വിമാനം പറപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. 96ല്‍ ലോകസഭാ എംപിയായി റൂഡി 99ല്‍ വാജ്പേയ് മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയുമായി. പ്രമുഖ രാഷ്ട്രീയ നേതാവായി ഉയര്‍ന്നുവെങ്കിലും തന്റെ പെയിലറ്റ് മോഹം റൂഡി ഉപേക്ഷിച്ചില്ല. 2006ല്‍ സെസ്നാ 172 ആര് വിമാനം പറപ്പിക്കാന്‍ പരിശീലനം നേടി. അതിനുശേഷം 2008ല്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുവാദത്തോടെ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ എ-320 വിമാനം പറപ്പിക്കാനുള്ള കോമേഴ്സ്യല്‍ പെയിലറ്റ് ലൈസന്‍സ് സ്വന്തമാക്കുകയായിരുന്നു. ഫ്ലോറിഡയിലെ മിയാമി സെന്ററില്‍ 30 ദിവസത്തെ തീവ്ര പരിശീലനത്തിനുശേഷമാണ് റൂഡിക്ക് ലൈസന്‍സ് ലഭിച്ചത്. അതിനുശേഷമാണ് ഇന്‍ഡിഗോ എയര്‍ ലൈന്സില് പെയിലറ്റായി ചേര്‍ന്നത്. മൂന്നുവര്‍ഷമായി പ്രതിഫലം പറ്റാതെ റൂഡി ഇന്‍ഡിഗോയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇടവേളകളിലെ വിമാനം പറപ്പിക്കല് റൂഡി ശരിക്കും ആസ്വദിക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ യാത്രകള്‍ക്ക് മുന്നോടിയായി പലപ്പോഴും പല സംസ്ഥാനങ്ങളിലും യാത്രക്കാരെയും കൊണ്ട് സ്വന്തമായി വിമാനം പറപ്പിച്ചാണ് റൂഡിയെത്തുക. ഇതുകൊണ്ടുതന്നെ ബിജെപി ദേശീയ നേതാക്കള്‍ക്ക് വിമാനത്താവളങ്ങളില്‍ ലഭിക്കുന്ന സ്വീകരണം റൂഡിക്ക് കിട്ടാറില്ല. എയര്‍പോര്‍ട്ടിലെത്തുന്ന റൂഡി താമസസ്ഥലത്തെത്തിയശേഷമായിരിക്കും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുക. ഞായറാഴ്ചയും അതു തന്നെയാണ് സംഭവിച്ചത്.
തലസ്ഥാനത്ത് ഹോട്ടല്‍ താജിലെത്തിയശേഷമാണ് സംസ്ഥാന നേതൃത്വത്തെ റൂഡി വിവരം അറിയിച്ചത്. ബിജെപിയുടെ ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ചതനുസരിച്ചാണ് റൂഡിയെത്തിയത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് സമരം മാറ്റിയെങ്കിലും റൂഡി യാത്ര മാറ്റിയില്ല. അധ്യാപകനും അഭിഭാഷകനുമായ റൂഡിയുടെ മറ്റൊരു പ്രധാന വിനോദം ഫോട്ടോഗ്രാഫിയാണ്. ബിജെപി സംസ്ഥാന ഓഫീസില്‍ പത്രസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ വാങ്ങി ഏതാനും ചിത്രങ്ങള്‍ എടുക്കാനും റൂഡിസമയം കണ്ടെത്തി.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: