ബെയ്ജിംഗ്: ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. ഇത് ആറാമത് തവണയാണ് രജപക്സെ ചൈനയിലെത്തുന്നത്. ചൈനയുമായുള്ള ലങ്കയുടെ ബന്ധം ആരുടെയും താത്പര്യത്തെ ഹനിക്കുന്നതല്ലെന്ന് രജപക്സെ വ്യക്തമാക്കി. ചൈനയില്‍ അധികാരകൈമാറ്റം വന്നതിന് ശേഷം ആദ്യമായാണ് രജപക്സെ ബെയ്ജിംഗിലെത്തുന്നത്. ശ്രീലങ്കയില്‍ ആരംഭിക്കുന്ന ഒട്ടേറെ വികസനപദ്ധതികള്‍ക്ക് ചൈന സാമ്പത്തിക സഹായം പ്രഖ്യാപിച്ചേക്കും. രജപക്സെയുടെ ജന്മനഗരിയിലെ ഹംബന്ടോറ്റ തുറമുഖം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള വന്‍ പദ്ധതികളും ഇതില്‍പ്പെടും.
അതേസമയം, ചൈനയുടെ വളര്‍ച്ചയെ ലങ്ക ഒരവസരമായി നിരീക്ഷിക്കുമ്പോള്‍ മറ്റ് ചില അയല്‍രാജ്യങ്ങള്‍ ആശങ്കയോടും അവിശ്വാസത്തോടുമാണ് ചൈനയെ കാണുന്നതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചെനയും ശ്രീലങ്കയുമായുള്ള സൗഹൃദത്തെ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നതെന്നും ഇത് തങ്ങള്‍ക്കെതിരായി തിരിയുമോ എന്ന് ഇന്ത്യ ഭയക്കുന്നതായും ഗ്ലോബല്‍ ടൈംസിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെരിസ് വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ചൈന ശ്രദ്ധേയമായ സഹായമാണ് നല്‍കുന്നതെന്നും മറ്റ് രാജ്യങ്ങളുടെ താത്പര്യത്തിന് ഹാനി വരുത്താനല്ല ചൈനക്ക് ലങ്കയുമായുള്ള സൗഹൃദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുമായുള്ള രാഷ്ട്രീയ ബന്ധം ഏറ്റവും നന്നായി തുടരുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ ലങ്കക്കുണ്ടെന്നും പെരിസ് പറഞ്ഞു.
വന്‍ശക്തിയായി വളരുന്ന ചൈനയുടെ ഉത്പന്നങ്ങളില്‍ 70 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് കയറ്റി അയക്കുന്നത്. ഇതിനായി ദ്വീപ് രാജ്യമായ ശ്രീലങ്കയുടെ സഹായം ചൈനക്ക് ഉപകാരപ്രദമാകും. ചൈനയുടെ വളര്‍ച്ചയില്‍ ലങ്കക്ക് യാതൊരുവിധത്തിലുള്ള ആശങ്കകളോ ഭയമോ ഇല്ലെന്നും പെരിസ് ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈനയുടെ സ്ഥാനം ശക്തമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മൂലം തങ്ങള്‍ക്ക് ഗുണപ്രദമാണെന്നും ലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
എല്‍ടിടിഇയെ അടിച്ചമര്‍ത്താനുള്ള യുദ്ധത്തില്‍ ലങ്കന്‍ സൈനികര്‍ നടത്തിയ ക്രൂരമായ മനുഷ്യാവകാശങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ശ്രീലങ്കക്ക് ചൈന ശക്തമായ പിന്തുണയാണ് നല്കി വരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ലങ്കക്കെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയോഗത്തില് അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ പിന്തുണച്ചപ്പോള്‍ ചൈന അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. യുദ്ധത്തിന് ശേഷം താറുമാറായ അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈന ലങ്കക്ക് കയ്യയച്ച് വായ്പ നല്കി വരികയാണ്.
കൊളംബോയിലെ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവയില്‍ ചൈനീസ് കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. ഇതുകൂടാതെ ലങ്കയില്‍ തുടങ്ങാനിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചൈന അധികം താമസിയാതെ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: