ലോസ് ആഞ്ചലിസ് : പ്രശസ്ത ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയുടെ ഇളയമ്മ ഡെബി മാര്ട്ടിന് (61) സ്തനാര്‍ബുദം ബാധിച്ച് മരിച്ചതായി വാര്‍ത്ത.
സ്തനാര്‍ബുദം തടയാനുള്ള മുന്‍കരുതലായി ഓസ്കര് ജേതാവ് ആഞ്ജലീന സ്തനംനീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ട് ആഴ്ച്ചകള്‍ കഴിയുമ്പോഴാണ് അതേ അസുഖം നിമിത്തം ഇളയമ്മ മരണമടയുന്നത്.
കാലിഫോര്‍ണിയയിലെ പാലമര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ഡെബി മാര്ട്ടിന്. ആഞ്ജലീനയുടെ അമ്മ മാര്‍ഷെലിന്‍ ബെര്‍ട്രാന്‍ഡ് അഞ്ചുവര്‍ഷം മുമ്പ് 56-ാം വയസില്‍ മരിച്ചതും സ്തനാര്‍ബുദം ബാധിച്ചാണ്.കൂടാതെ അവര്‍ക്ക് അണ്ഡാശയാര്‍ബുദവും ബാധിച്ചിരുന്നു.
സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, താന്‍ ഇരുസ്തനങ്ങളും നീക്കംചെയ്ത കാര്യം കഴിഞ്ഞ മെയ് 14 നാണ് ആഞ്ജലീന ലോകത്തെ അറിയിച്ചത്. സ്തനങ്ങള്‍ നീക്കംചെയ്തശേഷം കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് അവര്‍ ചെയ്തത്.
പാരമ്പര്യമായി ആഞ്ജലീനയ്ക്ക് സ്തനാര്‍ബുദം വരാന്‍ 87 ശതമാനവും അണ്ഡാശയാര്‍ബുദത്തിന് 50 ശതമാനവും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ബിആര്‍സിഎ ജീന്‍ ആഞ്ജലീനക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: