ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണാതിര്ത്ഥിയിലാണ് പുരാതനമായ ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. പ്രസിദ്ധമായ പഞ്ചപാണ്ഡവമഹാക്ഷേത്രങ്ങളിലൊന്നാണിത്. ധര്‍മപുത്രര്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന് വിശ്വാസം. മറ്റുള്ളവ തൃപ്പുലിയൂര്ക്ഷേത്രത്തില് ഭീമനും, തിരവാറന്മുളക്ഷേത്രത്തില് അര്‍ജുനനും തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ നകുലനും തൃക്കൊടിത്താനം ക്ഷേത്രത്തില്‍ സഹദേവനുമാണ് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെന്ന് ഐതിഹ്യം. ഈ പഞ്ചമഹാക്ഷേത്രദര്ശനം ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു. നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളില്‍ ഒന്നായ ഈ ക്ഷേത്രം പണ്ട് വഞ്ഞിപ്പുഴ മഠം വകയായിരുന്നുവെന്ന് പഴമ.
ക്ഷേത്രത്തിന്റെ വടക്കേയറ്റത്ത് ആലുമൂട്ടില്‍ തറവാടുമുണ്ട്. ക്ഷേത്രത്തിലെ വെടിക്കെട്ടിനായി താമസമാക്കിയ വീട്ടുകാരായിരുന്നു ഇവര്‍. അമ്പലത്തിനെ വലംവയ്ക്കുന്നറോഡ്. റോഡരുകില്‍ അലങ്കാരഗോപുരം. ഗോപുരം മുതല്‍ ക്ഷേത്രാങ്കണം വരെ വെടിപ്പായ സിമന്റ് പാത. വലതുവശത്ത് കുളം. തൃച്ചിറ്റാറ്റ് – ശംഖ് തീര്‍ത്ഥം എന്നൊക്കെ അറിയപ്പെടുന്ന കുളം. കുളക്കരയില്‍ ആലും മറ്റ് മരങ്ങളും. മനോഹരമായ ചുറ്റമ്പലം. ചുറ്റും പാറകൊണ്ടുണ്ടാക്കിയ തിണ്ണ. തിണ്ണയോട് ചേര്‍ന്ന് പൂ ചൂടി നില്ക്കുന്ന തെറ്റിച്ചെടികള്. ചേതോഹരമായ കാഴ്ചയാണ് അത്ര ഉയരത്തിലല്ലാത്ത ബലിക്കല്‍പ്പുര. അവയുടെ വശങ്ങളില് മനോഹരമായ കൊത്തുപണികള്‍. ഓടുമേഞ്ഞ നമസ്കാരമണ്ഡപം. കരിങ്കല്മാടത്തിന് ചുറ്റും ശില്പവേലകള്. വട്ടശ്രീകോവിലില്‍ പ്രധാനദേവന് മഹാവിഷ്ണു. വലതുകൈയില്‍ ചക്രം. ധര്‍മപുത്രര്‍ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. മൂലവിഗ്രഹത്തിന്റെ കൈയില്‍ ശംഖായിരുന്നുവെന്ന് പറയപ്പെടുന്നു. പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നും ഐതിഹ്യം. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്നും ഒരു കി.മീ. തെക്കുമാറി പാണ്ഡവര്‍ പാറയുമുണ്ട്. കിഴക്കോട്ട് ദര്‍ശനം. മൂന്നുപൂജ. ഗണപതിയും ഗോശാലകൃഷ്ണനും ശാസ്താവും ഉപദേവന്മാരായുണ്ട്. പ്രത്യേക ഉപദേവക്ഷേത്രങ്ങളുമുണ്ടിവിടെ. മൂന്നുനേരം പൂജയുണ്ട്. പാല്‍പ്പായസം പ്രധാന വഴിപാട്. ദശാവതാരം ചാര്‍ത്തല്‍ ഇവിടത്തെ വിശേഷ വഴിപാടായി ആറിയപ്പെടുന്നു. ഓരോ അവതാരത്തിന്റെയും ഭാവങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ചന്ദനം ചാര്‍ത്തല്‍ ഓരോ ദിവസവും ഓരോ ഭക്തന്റെയും വഴിപാടായി നടന്നുവരുന്നു. അഷ്ടമിരോഹിണി വിശേഷപ്പെട്ട ആഘോഷമാണ്.
തൃച്ചിറ്റാറ്റ് ഉത്സവം മൂനമാസത്തിലാണ്. മീനത്തിലെ അത്തത്തിന് കൊടിയേറി പത്തുദിവത്തെ ഉത്സവം. അഞ്ചാം ഉത്സവത്തിന് ഗോശാലകൃണന്റെ ക്ഷേത്രത്തിലും കൊടിയേറ്റമുണ്ട്. അത് പ്രത്യേകം കൊടിമരത്തിലാണ്. ഉത്സവദിവസങ്ങളില്‍ സേവയും ഉത്സവബലിയും കഥകളിയും മുഖ്യ പരിപാടികള്‍. തിരുവോണദിവസമാണ് ആറാട്ട്. പമ്പയാറ്റിലെ വടശേരിക്കടവില്‍ ആറാട്ട് നടക്കും. ക്ഷേത്രത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ ആറാട്ട് കടവ് എന്നാണ് അറിയപ്പെടുന്നത്. ആറാട്ട് കടന്നുപോകുന്ന പാതവക്കില്‍ ഇരുവശത്തും നൂറ്റിയൊന്ന് തീവട്ടികള്‍ വീതം കത്തിച്ചുവയ്ക്കും. മുപ്പത്തിരണ്ട് പന്തങ്ങള്‍ വീതമുള്ള ഓരോ തീവട്ടിയ്ക്കുമുണ്ട് പ്രത്യേകതകള്‍. തീവട്ടികളുടെ ദീപപ്രഭയിലൂടെ കടന്നുപോകുന്ന ആറാട്ട് ഒന്നാകാണേണ്ടതുതന്നെയാണ്. പണ്ട് കുട്ടനാടന്‍ പ്രദേശങ്ങളിലെ കൈനകരി, മിത്രകരി തുടങ്ങി ഇരുപത്തിയൊന്ന് കളരികളും ഈ ഉത്സവത്തില്‍ പങ്കെടുത്തിരുന്നുവെന്ന് പഴമക്കാര്‍. ആറാട്ട് തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: