കൊല്ലം: ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കന്റോണ്‍മെന്റ് ഡിവിഷനിലെ കുറുവന്പാലം പ്രദേശത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത ഷെഡുകളും ആക്രികടകളും പെരുകുമ്പോഴും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.
കെട്ടിട നിര്‍മാണ ചട്ടങ്ങളും മറ്റു വ്യവസ്ഥകളും കാറ്റില്‍പറത്തി 400ലധികം അനധികൃത ഷെഡുകളും നഗരസഭയുടെ ലൈസന്‍സില്ലാത്ത നിരവധി ആക്രിക്കടകളും ഈ പ്രദേശത്ത് കൂണുകള്‍ പോലെ ഉയരുകയാണ്. ഈ ആക്രിക്കടകളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, ഉപയോഗ ശൂന്യമായ ഇലക്ട്രിക് വയറുകള്‍ എന്നിവ ഉള്‍പ്പെടെ പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കുന്ന സാധനങ്ങള്‍ കൊണ്ടുവരികയും അധികം വരുന്ന ഇത്തരം സാധനങ്ങള്‍ റോഡുകളിലേക്കും നഗരസഭയുടെ തുറസായ ഓടകളിലേക്കും വലിച്ചെറിയുന്നതും കച്ചവടക്കാര്‍ പതിവാക്കിയിരിക്കുകയാണെന്ന് കന്റോണ്‍മെന്റ് പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
400 ഓളം അനധികൃത ഷെഡുകളില്‍ താമസിക്കുന്ന ആയിരത്തോളം തമിഴര്‍ നടത്തുന്ന മലമൂത്ര വിസര്‍ജ്യങ്ങള്‍ കക്കൂസില്‍ നിന്ന് പൈപ്പ് വഴി നഗരസഭയുടെ തുറസായ ഓടയിലേക്കാണ് ഒഴുക്കി വിടുകയും ഇവിടെ നിന്ന് ഇത് അഷ്ടമുടിക്കായലില്‍ എത്തിച്ചേരുകയുമാണ് ചെയ്യുന്നത്. ഈ പ്രദേശത്തെ കിണര്‍ വെള്ളം മലിനപ്പെടാനും ഇത് കാരണമാവുകയാണ്.
മാലിന്യങ്ങള്‍ തള്ളുന്നത് മൂലം ഒഴുക്ക് നിലച്ച ഓടകളില്‍ ഇവ മാസങ്ങളോളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളും അജ്ഞാത രോഗങ്ങളും ഇവിടെ പടര്‍ന്ന് പിടിക്കുന്നതും പതിവായിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഇവിടത്തെ ഒരു മുന്‍ കൗണ്‍സിലറുടെ സഹോദരന്റെ മകന് ഇതുമൂലമുണ്ടായ മാരക രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരായ ചില വ്യക്തികളും അവരുടെ ബന്ധുക്കളുമാണ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഷെഡുകള്‍ നിര്‍മിച്ച് കൊടുത്തതെന്ന് പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ഒരു മുറിക്ക് 800 രൂപ മുതല്‍ 1000 രൂപ വരെ മാസ വാടക ഇനത്തില്‍ ഈടാക്കിക്കൊണ്ട് ലക്ഷങ്ങളാണ് ഇക്കൂട്ടര്‍ സമ്പാദിക്കുന്നത്. വാടക ഇനത്തില്‍ നഗരസഭക്ക് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇക്കൂട്ടര്‍ ഇല്ലാതാക്കുന്നത്. ഇത്തരം അനധികൃത ആക്രിക്കടകളെയും ഷെഡുകളെയും കുറിച്ച് നഗരസഭാധികൃതര്‍ക്ക് ജനങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആക്രി കടകളിലെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും പഴകിയ ഇലക്ട്രിക് വയറുകളും മറ്റും റോഡില്‍ പരസ്യമായി നിക്ഷേപിച്ച് കത്തിച്ചപ്പോള്‍ ഇത് ചോദ്യം ചെയ്ത സ്ഥലവാസികളായ ചിലരെ ആക്രികട മുതലാളിമാരും ഇവരുടെ കൂട്ടാളികളായ തമിഴന്മാരും സംഘം ചേര്‍ന്ന് മര്ദിച്ചവശരാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥലവാസികള്‍ ചേര്‍ന്ന് കന്റോണ്‍മെന്റ് പൗരസമിതി എന്ന പേരില്‍ സംഘടന രൂപവത്ക്കരിച്ച് രംഗത്തിറങ്ങിയത്.
കുറവന്‍പാലം പ്രദേശത്ത് നിന്ന് ആക്രികടകളും ഷെഡുകളും നീക്കം ചെയ്യണമെന്നും പരിസ്ഥിതി മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍, കോര്പ്പറേഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് പൗരസമിതി ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രിക്കച്ചവടത്തിന് തമിഴ്നാട്ടില്‍ നിന്നും ഇവിടെ എത്തിയിട്ടുള്ളവരില്‍ ഏറെ പേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ആക്രികച്ചവടത്തിന്റെ മറവില്‍ ഇവിടം ഇവര്‍ ഒളിത്താവളമായി മാറ്റിയിരിക്കുകയാണെന്നും പരാതി ശക്തമായിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ആയിരത്തോളം വരുന്ന തമിഴന്മാര് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാക്കിയിരിക്കുകയാണെന്ന് പൗരസമിതി ഭാരവാഹികള്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സി വി അനില്‍കുമാര്‍, എ കബീര്‍, എസ് മനേഷ്കുമാര്‍, അനിയന് കുഞ്ഞ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: