കൊച്ചി: പൂജ്യന്മാരെ പൂജിക്കുകയും, അപൂജ്യന്മാരെ പൂജിക്കാതിരിക്കുകയും വേണമെന്നതാണ് സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്നും അവശ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തികളില്‍ പ്രാതസ്മരണീയനായ പണ്ഡിറ്റ് കറുപ്പനെ മറക്കുന്നത് വലിയ അപരാധമാണെന്നും എടവനക്കാട് അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഖ് നാഥ് പറഞ്ഞു.
പണ്ഡിറ്റ് കറുപ്പന് 129-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേരാനെല്ലൂര്‍, കച്ചേരിപ്പടിയില്‍ അകത്തൂട്ട് ഉമാമന്ദിരത്തിലുള്ള പണ്ഡിറ്റ് കറുപ്പന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റും, ഒഴുക്കും പ്രതികൂലമാകുമ്പോള്‍ ഭയ ചകിതരാകുന്ന കപ്പല്‍ തൊഴിലാളികള്‍ക്ക് ആത്മവീര്യം നല്കി ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്നവനാണ് യഥാര്‍ത്ഥ കപ്പിത്താന്. സാഹചര്യങ്ങള്‍ മുഴുവന്‍ എതിരാകുമ്പോള്‍ തന്റെ ലക്ഷ്യത്തിലേക്ക് സംഘര്‍ഷത്തിന്റെ വഴി പൂര്‍ണ്ണമായും വിട്ടുകൊണ്ട് സഹനത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ നടന്നു നീങ്ങിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പന്, നിരാശയുടെ അഗാതഗര്ത്തങ്ങള് പ്രകാശത്തിന്റെ കണികയ്ക്കായി കാത്തിരിക്കുന്നവര്‍ക്കും കറുപ്പന് മാഷിന്റെ രണ്ടുവരികള്‍ വായിക്കുമ്പോള്‍ പുതിയ ജീവോര്‍ജ്ജം സിരകളില്‍ ഇരച്ചുകയറും, ഇതുവരെ ആരും കാര്യമായി ശ്രദ്ധിക്കാത്തതും, ചിന്തിക്കാത്തതുമായ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വ ഗുണം ദിശാബോധമില്ലാത്ത ദുരവസ്ഥക്ക് പരിഹാരമാകുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയും, വിശ്വഹിന്ദുപരിഷത്തും സംയുക്തമായി നടത്തിയ പുഷ്പാര്‍ച്ചനയില്‍ കെ.വി.മദനന്, എം.കെ.ചന്ദ്രബോസ്, ഡോ.ഗോപിനാഥ് പനങ്ങാട്, അഡ്വ.കെ.സനില്‍കുമാര്‍, കെ.കെ.വാമലോചനന്‍, കെ.എ.ബാഹുലേയന്, കെ.പി.വേണു, രാജു.ആര്, പി.സി.രാജന്, ബാബു, ക്യാപ്റ്റന്‍ പി.കെ.രമണന്, കലാവതി രമണന്, ഡോ.ലീല രാജന്, പി.എന്‍.ആരോമലുണ്ണി, സുനില്‍ തീരഭൂമി, സി.ജി.രാജഗോപാല്‍, അജിത്ത് കുമാര്‍.എ.എസ്, ചിത്ര അജിത്ത്, രാധാ രാജഗോപാല്‍, മനഃശാസ്ത്ര വിദഗ്ധയും യോഗാആചാര്യയുമായ ഡോ.കാതറീന് ബ്രോ (ഫ്രാന്‍സ്) തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടക്കുന്ന പണ്ഡിറ്റ് കറുപ്പന് അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത കവയത്രി സുഗതകുമാരിക്ക് ജസ്റ്റിസ് കെ.സുകുമാരന്‍ കവി തിലകന് പണ്ഡിറ്റ് കറുപ്പന് പുരസ്ക്കാരം നല്കി ആദരിക്കും. ചടങ്ങില്‍ എം.കെ.ചന്ദ്രബോസ്, അഡ്വ.കെ.കെ.ബാലകൃഷ്ണന്, വി.സുന്ദരം, സ്വാമി ഗോരഖ് നാഥ്, ഡോ.വള്ളിക്കാവ് മോഹന്‍ദാസ്, ഡോ.ലക്ഷ്മി ശങ്കര്‍, ജസ്റ്റിസ് എം.രാമചന്ദ്രന്, കെ.കെ.വാമലോചനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: