കൊച്ചി: തുറന്നസംവാദങ്ങള്ക്കു വേദിയായിരുന്ന ഭാരതത്തില്‍ രാജാവിനെപ്പോലും എതിര്‍ത്തിരുന്നവരെ ആദരിക്കാന്‍ കാരണം ജനാധിപത്യത്തിന്റെ മഹിമയാണെന്നും അന്നത് വോട്ടവകാശമല്ല മറിച്ച് അഭിപ്രായസ്വാതന്ത്ര്യമായിരുന്നെന്നും മുതിര്‍ന്ന പത്രപ്രവര്ത്തകന് പി. രാജന് അഭിപ്രായപ്പെട്ടു.
മീഡിയാ സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ എറണാകുളം വൈഎംസിഎയില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി – പത്രപ്രവര്ത്തകദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്ക്കാരത്തിന് മേന്മയുണ്ടെന്നു പറഞ്ഞാല്‍ അത് പിന്തിരിപ്പനാണെന്നു പറഞ്ഞിരുന്ന കമ്യൂണിസ്റ്റു ചിന്താഗതിക്കാര്‍ കാറല്‍ മാര്‍ക്സിന്റെ ‘ഹിന്ദുവൈസേഷന്‍’ എന്ന പദത്തെ ഭാരതവല്ക്കരണമെന്നാക്കി മാറ്റിയത് ആശയപാപ്പരത്തമാണ്. ഇന്ത്യയുമായി സാംസ്ക്കാരികമായ ബന്ധം പുലര്‍ത്തുന്ന ഇന്തോനേഷ്യ അടക്കം അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും പാക്കിസ്ഥാനുമെല്ലാം ഇസ്ലാമികചിന്തയില്നിന്നുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനമാധ്യമം എന്ന സങ്കല്പം പാശ്ചാത്യസൃഷ്ടിയാണെന്നിരിക്കെ 1200 വര്‍ഷം മുമ്പു തുറന്ന സംവാദവുമായി കേരളത്തില്‍നിന്നു പുറത്തേക്കിറങ്ങിയ ആദിശങ്കരന്റെ തത്ത്വം നമ്മെ പഠിപ്പിക്കുന്നത് ഈ നാടിന്റെ പൗരാണികചിന്തയുടെ മഹത്വമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം ആര്. സഞ്ജയന് പറഞ്ഞു. മികവുറ്റ കമ്യൂണിക്കേറ്റര്‍ എന്ന നിലയില്‍ നാരദമുനിയുടെ പ്രാധാന്യം ധര്‍മ്മം നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച വ്യക്തി എന്ന നിലയിലാണ്. നിലവിലെ മാധ്യമസങ്കല്പത്തിലെ മൂല്യച്യുതിയും കപടദേശീയവാദവും വിദേശമാധ്യമങ്ങളുടെ കടന്നുകയറ്റവുമെല്ലാം ഈ കൊച്ചുകേരളത്തെപോലും ആശങ്കാജനകമായ വിധം അപകടത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും സഞ്ജയന് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് എസ്. ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രചാര്സമിതി അംഗം വി. ലക്ഷ്മണപ്രഭു ആശംസാപ്രസംഗം നടത്തി. മീഡിയാസെന്റര്‍ കോര്‍ഡിനേറ്റര്‍ കെ. രാജേഷ് ചന്ദ്രന് സ്വാഗതവും പ്രചാര്സമിതി അംഗം സുനില്‍ തീരഭൂമി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: