കൊച്ചി: വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനും, മാനസികോല്ലാസത്തിനുമായി ശ്രീകരം പകല്‍ വീട് തുറന്നു. വൃദ്ധരായ അച്ഛനമ്മമാര്‍ക്കുവേണ്ടി ശ്രീകരം ഒരുക്കുന്ന പകല്‍വീടിന്റെ ലക്ഷ്യം പ്രായമായവരുടെ മാനസിക സൗഖ്യം മാത്രമാണെന്ന് സംഘാടകര്‍ പറയുന്നു. മട്ടാഞ്ചേരി ആര്.ജി.പെയിലൈനില്, സന്നിധിയില്‍ ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പകല്‍വീടിന് ഭദ്രദീപം തെളിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പകല്‍വീട്ടില്‍ അന്തേവാസികള്‍ ഒത്തുചേരുക. പകല്‍സമയം പാഴാക്കികളയുന്നതിന് പകരം ഓരോദിനവും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിന് വ്യക്തമായ ദിനചര്യകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രാര്‍ത്ഥന യോഗ, വിജ്ഞാനം പകരുന്ന ആരോഗ്യ ആത്മീയക്ലാസ്സുകള്, ചര്‍ച്ചകള്‍, ഗ്രന്ഥശാല, പത്രപാരായണം, സംഗീതാഭ്യാസം, ഉല്ലാസയാത്രകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും മുതിര്‍ന്നവരുടെ ഒരു ദിനമെന്ന് ശ്രീകരം പ്രസിഡന്റ് ആര്.പ്രകാശ് പറഞ്ഞു. അന്തേവാസികളുടെ ക്രിയാത്മകമായ കഴിവുകളെ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണെന്ന് ഭാരവാഹികള്‍ പറയുന്നു.
വിദഗ്ധരായ ഡോക്ടര്‍മാര്‍ ആഴ്ചയിലൊരിക്കല്‍ ഇവരെ പരിശോധിക്കും. നമ്മെവളര്ത്തിവലുതാക്കിയ അച്ഛനമ്മമാര്‍ നമുക്കുഭാരമല്ല, അവര്‍ ഇന്നും നമുക്കുവേണ്ടി ജീവിക്കുന്നുവെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ശ്രീകരം എന്ന സംഘടന സന്നദ്ധ സേവനരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിവരികയാണ്. മുല്ലക്കല്‍ വനദുര്ഗ്ഗാ ക്ഷേത്രസന്നിധിയില്‍ അശരണരെ സഹായിക്കുന്നതിന് നിത്യചികിത്സാപദ്ധതിക്ക് രൂപം നല്കി നൂറുകണക്കിന് വരുന്നവര്‍ക്ക് സൗജന്യവൈദ്യപരിശോധനയും, ചികിത്സയും നല്കിവരുന്നു. അലോപ്പതി, ഹോമിയോ വിഭാഗത്തില്‍പെട്ട ഇരുപതോളം ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഇവിടെ ലഭിക്കുന്നു. ശ്രീകരം പ്രസ്ഥാനത്തിന്റെ സേവനരംഗത്തേക്കുള്ള മറ്റൊരു ചുവടുവെയ്പാണ് പകല്‍ വീടിന്റെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. പകല്‍വീടില്‍ അന്തേവാസികളാകാന്‍ അപേക്ഷനല്കിയാല് ഉടന്‍ പ്രവേശനം അനുവദിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആര്.പ്രകാശ് പ്രസിഡന്റും, എം.ജി.പൈ സെക്രട്ടറിയും, യു.എന്‍.രവി, ചന്ദ്രകാന്ത് സംഘാനി, ആര്.ആര്.ഭട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ശ്രീകരത്തിന്റെ അമരക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: