ബോസ്റ്റണ്‍: ഫെയ്സ്ബുക്കില്‍ പ്രകോപനപരമായ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത കേസില്‍ യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. മസ്സാച്ചുസെറ്റ്സ് സ്വദേശി 18കാരനായ കാമറൂണ്‍ ഡി അംബ്രോസിയോയ്ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ തീവ്രവാദ കുറ്റം ചുമത്തിയാണ് കാമറൂണിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ സ്ഫോടന പരമ്പര നടത്തിയവരേക്കാള്‍ ഹീനമായ പ്രവര്‍ത്തി തനിക്ക് ചെയ്യാന്‍ കഴിയും. തന്റെ പ്രവര്‍ത്തിക്കായി കാത്തിരിക്കുക, എന്നാണ് കാമറൂണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തീവ്രവാദ ഭീഷണി മുഴക്കി എന്ന കുറ്റമാണ് പോലീസ് കാമറൂണിനെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ നിയമ പ്രകാരം കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും.
മസാച്ചുസെറ്റ്സ് സുപ്പീരിയര്‍ കോടതിയാണ് കാമറൂണ്‍ നല്കിയ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.
കാമറൂണിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉടനീളം ഓണ്‍ലൈന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കാമറൂണിന്റെ അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് പോലീസ് നടപടിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: