ലണ്ടന്‍: യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ രാജകിരീടം ജര്‍മനിയിലേക്ക് വിമാനം കയറുമെന്ന് ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനിയത് ആരുടെ ശിരസിന് അലങ്കാരമാകുമെന്നുമാത്രം അറിഞ്ഞാല്‍ മതി. കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ ഏറെ പെരുമയുള്ള സംഘങ്ങളിലൊന്നായ ബയേണ്‍ മ്യൂണിക്കിന്റെയോ അതോ പുതജീവന്‍ തേടുന്ന ബൊറൂഷ്യ ഡോര്ട്ട്മുണ്ടിന്റെയോ?. ഇന്നു പിറക്കും അതിനുത്തരം, ലണ്ടനിലെ വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ കലാശക്കളി ടെന്‍ ആക്ഷനില്‍ തത്സമയം.
ലോക ഫുട്ബോളിലെ സ്പാനിഷ് ആധിപത്യത്തിന് വിരാമമാകുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് സെമി ഫൈനലുകളില്‍ ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും തുരത്തിയോടിച്ച ബയേണും ബൊറൂഷ്യയും തമ്മിലുള്ള പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല.
താരബലത്തിലും കടലാസിലെ കണക്കുകളിലും ബയേണിന് മുന്‍തൂക്കമുണ്ട്. ആര്യന് റോബനും ഫ്രാങ്ക് റിബറിയും തോമസ് മുള്ളറും മരിയോ മാന്സുകിക്കുമൊക്കെ നിറഞ്ഞാടിയാല്‍ ബൊറൂഷ്യയുടെ സ്ഥിതി കഷ്ടത്തിലാകും.
പ്ലേ മേക്കര്‍ മരിയോ ഗോട്സെയുടെ അഭാവവും ബൊറൂഷ്യയുടെ പ്രതീക്ഷകളെ പിന്നോട്ടടിക്കുന്നു. എന്നാല്‍ റയലിനെതിരായ ഒന്നാം പാദ സെമിയില്‍ നാലു ഗോളുകള്‍ അടിച്ചു കൂട്ടിയ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കി ഫോം തുടര്‍ന്നാല്‍ ബൊറൂഷ്യയ്ക്ക് സാധ്യത തെളിയും.
അവസാന അഞ്ചു മത്സരങ്ങളിലെ പ്രകടനം പരിശോധിച്ചാലും ബയേണിന് മുന്‍തൂക്കമുണ്ട്. നാലു കളികളില്‍ ബവേറിയന്‍സ് ജയം കണ്ടു. ബൊറൂഷ്യയാകട്ടെ ഒന്നില്‍ മാത്രമാണ് ജയിച്ചത്.
ബുണ്ടെസ് ലീഗയിലെ അവസാന മത്സരങ്ങളിലൊന്നില്‍ ബൊറൂഷ്യ ദുര്‍ബലരായ ഹോഫെന്ഹെയ്മിനോട് 2-1ന് തോല്‍വി വഴങ്ങിയിരുന്നു.
പരസ്പ്പരമുള്ള അവസാന നാല് മുഖാമുഖങ്ങളില്‍ രണ്ടുതവണ ബയേണ്‍ ജയംനേടി. രണ്ടു മത്സരങ്ങളില്‍ ഇരു ടീമുകളും സമനില പാലിച്ചു.
എന്നാല്‍ 2012ല്‍ ഡിഎഫ് ബി കപ്പ് ഫൈനലില്‍ ബയേണിനെ 5-2ന് തച്ചുതകര്‍ത്ത ബൊറൂഷ്യയെ എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച് റയലിനെ തകര്‍ത്ത അവരുടെ ശൗര്യം കണക്കിലെടുക്കുമ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: