കൊച്ചി: പണക്കൊഴുപ്പിന്റെ കളിയായി അധഃപതിച്ചിരിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. പ്രത്യേകിച്ചും ഐപിഎല്‍ 20ട്വന്റി ടൂര്‍ണമെന്റ്. ഇന്ത്യന്‍ ജനത ഹോക്കിയില്‍നിന്നും വഴുതി വീണത് ക്രിക്കറ്റ് എന്ന മാസ്മരിക കളിയിലേക്കായിരുന്നു. ഇന്ത്യയുടെ സ്വന്തം കളി. ഹോക്കിയുടെ രാജാവ് ധ്യാന്‍ചന്ദിന്റെ കാന്തം ഒളിപ്പിച്ച സ്റ്റിക്വര്‍ക്കിന്റെ അത്ഭുതകാഴ്ച കണ്ട് ഹോക്കിയെ ആരാധിച്ചിരുന്ന ആ കാലഘട്ടത്തിലെ കായികപ്രേമികള്‍ കണ്‍മിഴിച്ചിരുന്നുപോയ കഥ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍, ഫുട്ബോളില്‍ ഇന്നും കരുത്തുറ്റ 11 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ക്രിക്കറ്റില്‍ 19 കാരനായ സഞ്ജുസാംസണ് എന്ന പ്രതിഭ കേരളത്തില്‍ ഉദയം ചെയ്ത് ഐപിഎല്ലില്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ ശ്രീശാന്ത് കേരളത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തി. ഒരു ഓവര്‍ എറിയുമ്പോള്‍ ’10’ ലക്ഷം രൂപ ലഭിക്കുമെങ്കില്‍ അഭിമാനത്തെ തളര്‍ത്തിയാലും കുഴപ്പമില്ല ഒത്തുകളിക്കാമെന്ന് ശ്രീ വിചാരിച്ചുവോ? ആ ഒരോവറിലും കാണാം മനുഷ്യനെ മൃഗമാക്കുന്ന പണാധിപത്യത്തിന്റെ കരുത്ത്. ജനകോടികളുടെ ആവേശമായി മാറിയ ക്രിക്കറ്റില്‍ മാന്യതയുടെ പര്യായങ്ങളായ തമ്പുരാക്കന്മാരുടെ പേരുകള്‍ നിരവധിയാണ്. ബൗളിംഗില്‍ തീ ഒളിപ്പിച്ചുവച്ച മൈക്കിള്‍ ഹോള്‍ഡിംഗിന്റെ പന്തുകളെ ധീരതയോടെ നേരിട്ട സുനില്‍ ഗവാസ്കറില്‍ തുടങ്ങുന്നു ആ നിര. തലയ്ക്കും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുറിവും ചതവും ഉണ്ടായിട്ടും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ ലംഘിച്ചില്ല. ക്രിക്കറ്റ് കളത്തില്‍ ഒരിക്കലും ക്ഷോഭിക്കാത്ത അമ്പുകളെ പുല്ലായി കരുതുന്ന സാക്ഷാല്‍ സച്ചിന്‍വരെ ആ ധീര യോദ്ധാക്കളുടെ മാന്യതയുടെ പട്ടിക നീളുന്നു. ക്രിക്കറ്റില്‍ കോഴയുടെ കളി തുടങ്ങിയിട്ട് കാലങ്ങളായി. ഹാന്‍സി ക്രോണ്യ, അസഹ്റുദ്ദീന് എന്നിവര്‍ മുന്നില്‍ നിന്ന് വാതുവെപ്പിനെ കളിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ആ ഗണത്തില്‍ നമ്മുടെ ശ്രീയും പെടുമോ. ‘എന്റെ പിഴ’ എന്ന് ശ്രീശാന്ത് പറഞ്ഞപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന കോടികളുടെ മനസ്സില്‍ ആ താരത്തോടുള്ള ആദരവ് വെറുപ്പായി മാറി. ഇന്ത്യന്‍ ക്രിക്കറ്റില്‍ കളങ്കമായി ശ്രീശാന്ത് മാറുവാന്‍ പോകുന്നുവെന്ന് കരുതുക പ്രയാസം.
കേരളത്തില്‍നിന്നും ഒരു ഫാസ്റ്റ് ബൗളര്‍ ഉദയം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ വരള്‍ച്ചയ്ക്ക് അറുതിയായി എന്ന് കരുതി ആഹ്ലാദിച്ചവര്‍ അനേകം. അദ്ദേഹത്തിന്റെ ഓരോ പന്തുകളും ഓരോ വിക്കറ്റ് എടുക്കട്ടേയെന്ന് പ്രാര്‍ത്ഥിച്ചു. ശ്രീയ്ക്ക് വിക്കറ്റുകള്‍ കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ആഹ്ലാദപ്രകടനങ്ങള്‍ ആരാധകരില്‍ അരോചകമുണ്ടാക്കിത്തുടങ്ങുകയും ചെയ്തു. വൃത്തികെട്ട അംഗവിക്ഷേപങ്ങള്‍ അദ്ദേഹത്തില്‍നിന്നും ഉണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം നിരവധി തലകള്‍ കൊയ്തു. ജനം ആഹ്ലാദത്താല്‍ മതിമറന്നു. പല കോണുകളില്‍നിന്നും ശ്രീയുടെ അതിരുകവിഞ്ഞ ആഹ്ലാദ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ ഓരോ കളിയിലും അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങള്‍ നിയന്ത്രണാതീതമായിരുന്നു. സഹകളിക്കാരില്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. ഒരു കളിക്കാരന് ഉണ്ടായിരിക്കേണ്ട സ്വയം നിയന്ത്രണം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നില്ലായെന്ന് ഓരോ കളിയില്‍നിന്നും മനസ്സിലാക്കാം. വിക്കേറ്റ്ടുക്കാന്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുമ്പോഴും അദ്ദേഹത്തെ അടിച്ച് പരത്തിയിട്ടും ഒരു പുതുമുഖ താരത്തിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സൗഭാഗ്യങ്ങള്‍ ശ്രീശാന്തിന് ലഭിച്ചു. എന്നാല്‍ സ്വയം നിയന്ത്രണവും ജാഗ്രതയും പാലിക്കാത്തത് താരത്തിന് തിരിച്ചടിയായി. മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞുനിന്നിരുന്ന വാതുവെയ്പ് മലയാളിയുടെ കുടുംബത്തിലേയ്ക്ക് കടന്നുവന്നു. ഇത് മലയാളികളുടെ മേല്‍ കരിവാരിത്തേച്ചിരിക്കുന്നു.
2008 ലെ ഐപിഎല്‍ മത്സരത്തില്‍ ഹര്‍ഭജനില്‍ തുടങ്ങി, 2011 ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തുമായും 2009ല്‍ ഐപിഎല്‍ മത്സരത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആന്‍ഡ്രു സിമണ്ട്സുമായും 2006 ല്‍ ദക്ഷിണാഫ്രിക്കയുടെ നെല്ലുമായും ശ്രീശാന്ത് കൊമ്പ് കോര്‍ത്തു. ശ്രീശാന്തിന്റെ വിധി അദ്ദേഹം തന്നെ തീരുമാനിക്കുകയായിരുന്നു ഇത്തരം പ്രവൃത്തികളിലൂടെ. മനോജ് പ്രഭാകര്‍, അസഹ്റുദ്ദീന്, അജയ് ജഡേജ എന്നിവര്‍ ഉള്‍പ്പെടെയുള്ള കോഴ, വാത്വെപ്പ് കളിക്കാരുടെ ഗണത്തിലേയ്ക്ക് ശ്രീ വീഴുകയാണ്. ചിയര്‍ ഗേള്‍സിന്റെയും സിനിമാ നടിമാരുടേയും പണത്തിന്റേയും നടുവില്‍ ഇന്ത്യയുടെ ശ്രീശാന്ത് ശാന്തനായിരുന്നെന്ന് പറയുക പ്രയാസം.
സി.എസ്. ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: