ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിവിവാദം സംബന്ധിച്ച അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിക്കുന്നു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെയ്പില്‍ പിടിയിലായ ശ്രീശാന്ത് നിസാരനാണെന്നും വന്‍സ്രാവുകള്‍ പുറത്തുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ളത്. അന്വേഷണം ബിസിസിഐ പ്രസിഡന്റിന്റെ മരുമകനിലേക്കും എത്തിയതോടെ ക്രിക്കറ്റ് ആരാധകര്‍ അന്തംവിടുകയാണ്.
ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയപ്പനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം വരെ ഗുരുനാഥ് പോലീസിന് മുമ്പില്‍ ഹാജരായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയിയാണ് പുറപ്പെടുവിച്ചിരുന്നത്. വ്യാഴാഴ്ച ക്രൈം ബ്രാഞ്ചിലെ നാലംഗ അന്വേഷകസംഘം ഗുരുനാഥിന്റെ വസതിയിലെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ സിഇഒ ആണ് ഗുരുനാഥ്.
തമിഴ്നാട് പോലീസിന്റെ ക്യു ബ്രാഞ്ചിന്റെ സഹായത്തോടെയാണ് അന്വേഷകസംഘം ഗുരുനാഥിന്റെ വസതിക്ക് സമീപം എത്തിയത്. എന്നാല്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ബിസിസിഐ ചീഫ് എന്‍. ശ്രീനിവാസനും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നില്ല. ഗുരുനാഥുമായി ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞുമില്ല.
ചെന്നൈ സൂപ്പര്‍കിംഗ്സ് സിഇഒയുടെ പേര് ഒത്തുകളിയുമായി ബന്ധപ്പെട്ട് പുറത്തുകേട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് രംഗംതന്നെ ഞെട്ടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിന്റെ സിഇഒ ഒത്തുകളിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടു എന്ന് തെളിഞ്ഞാല്‍ ഐപിഎല്ലിന്റെ വിശ്വാസ്യത അപ്പാടെ തകരും. ഐപിഎല്ലിന്റെ ആറാം എഡിഷനാണിത്. ഇതില്‍ അഞ്ചുതവണയും ചെന്നൈ ഫൈനലില്‍ എത്തിയിരുന്നു. ഗുരുനാഥിന് വാതുവെപ്പുസംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം മുംബൈ പോലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന് വിന്ദു ധാരാസിംഗുമായി ചെന്നൈ സൂപ്പര്‍കിംഗ്സ് മേധാവിക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. അതേസമയം ചെന്നൈ സൂപ്പര്‍കിംഗ്സ് സിഇഒ ഗുരുനാഥിനെപ്പറ്റി പെട്ടെന്നൊരു തീരുമാനത്തിലെത്തരുതെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല സൂചിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ധാരണകളില്‍ എത്തരുതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ വാതുവെയ്പ് സംബന്ധിച്ച് ഒരു കമ്പനിതന്നെ തുടങ്ങാന്‍ ശ്രീശാന്ത് തയ്യാറായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വാതുവെയ്പുകാരില്നിന്നും കൂടുതല്‍ തുക ശ്രീശാന്ത് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ താന്‍ നിരപരാധിയാണെന്ന ശ്രീശാന്തിന്റെ വാദം പൊളിയുകയാണ്. വിവാദമായ മൊഹാലിയിലെ മത്സരത്തിനുശേഷം ശ്രീശാന്ത് ഒത്തുകളിക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വാതുവെയ്പുസംഘം ശ്രീശാന്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത പുറത്തുവന്നു.
അതേസമയം വാതുവെയ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ അറസ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് കളികളില്‍ വാതുവെയ്പ് നടത്തുന്നവരും പോലീസ് നിരീക്ഷണത്തിലാണ്. കൊല്‍ക്കത്തയില്‍ 10 പേര് പോലീസ് പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് ക്രിക്കറ്റിലെ വാതുവെയ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അന്വേഷണം വ്യാപിച്ചതോടെ മറ്റ് മൂന്ന് താരങ്ങള്‍കൂടി പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: