കൊല്ലം: പത്തനാപുരത്ത് കല്ലുംകടവില്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനടുത്ത് സാസ്കാരിക നിലയത്തിന്റെയും ബസ്കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കെ.എന്‍. ബാലഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചിലവഴിച്ചാണ് മന്ദിരം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ മാസം കെ.എന്‍. ബാലഗോപാല്‍ എംപിയാണ് നിര്‍മാണത്തിന് തറക്കല്ലിട്ടത്.
കമ്മ്യൂണിറ്റി ഹാള്‍, പൊതുലൈബ്രറി, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുള്ള വിശ്രമമുറി, കംഫര്‍ട്ട്സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാകും. 200 പേര്‍ക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റിഹാള്‍ ആണ് പണിയുന്നത്. സാസ്കാരിക നിലയത്തിന്റെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ പ്രൈവറ്റ് ബസ്റ്റാന്‍ഡിന്റെ സൗകര്യങ്ങളാണ് മെച്ചപ്പെടുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്കും, ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഇതേറെ പ്രയോജനപ്രദമാകും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വിശാലമായ വായനാമുറിയും ലൈബ്രറിയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ ആദ്യവാരത്തില്‍തന്നെ നിലയം പ്രവര്‍ത്തനോദ്ഘാടനം ചെയ്യാനാകുമെന്ന് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള വാര്‍ഡ് മെമ്പര്‍ ഹുസൈന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: