കരിമാലൂര്‍: വിശ്വകര്‍മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിശ്വകര്‍മ കുടുംബസംഗമം നടന്നു. രാവിലെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത കുടുംബസംഗമ റാലി നടന്നു. പ്രതിനിധി സമ്മേളനം വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബിജോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് കെ.കെ.വേണു അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളില്‍ പ്രഗത്ഭരായ വിശ്വകര്‍മജരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പൊന്നാട ചാര്‍ത്തി ആദരിച്ചു. വി.ഡി.സതീശന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.യു.രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. വിശ്വകര്‍മജരുടെ 14 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പ്രഖ്യാപന പ്രമേയം സമ്മേളനം പാസ്സാക്കി. സംസ്ഥാനത്തുടനീളം സംഘടനാപരമായ വേര്‍തിരിവുകളില്ലാതെ വിശ്വകര്‍മജരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനം തീരുമാനിച്ചു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ്, വാര്‍ഡ് മെമ്പര്‍ വി.ബി.ജബ്ബാര്‍, എസ്.എന്‍.വിശ്വനാഥന്, ടി.ഡി.വേണു, പി.കെ.പുരുഷോത്തമന്, ശശി തിരുവാല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഐക്യവേദിയുടെ പുതിയ ഭാരവാഹികളായി കെ.കെ.വേണു, എസ്.എന്‍.വിശ്വനാഥന്, ടി.ഡി.വേണു, ഉണ്ണി ഒളനാട്, വി.എന്‍.സുരേഷ്, കെ.വിജയന്, ബിജു കെ.സി., ബീന മുരളി, ജയശ്രീ ഗോപീകൃഷ്ണന്, ശശി തിരുവാല്ലൂര്‍, പി.കെ.പുരുഷോത്തമന് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: