ന്യൂദല്‍ഹി: ഐപിഎല്‍ ലെ എലിമിനേഷന് മത്സരത്തില്‍ ഇന്ന് രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സും ഏറ്റുമുട്ടും. ഒത്തുകളികള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് തല്ക്കാലം വിടപറഞ്ഞ രാഹുല്‍ ദ്രാവിഡും കൂട്ടരും ഒരു പുതിയ തുടക്കത്തിനാവും ദല്‍ഹിയില്‍ ശ്രമിക്കുക. ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുതാരങ്ങളും രാജസ്ഥാന് റോയല്‍സിനൊപ്പമാണ് കളിച്ചിരുന്നത് എന്നതാണ് കാരണം. അതിനാല്‍ ഇന്ന് എന്തുവില കൊടുത്തും ജയം സ്വന്തമാക്കിയില്ലെങ്കില്‍ അത് രാജകീയ ടീമിനെ ബാധിക്കും. പതിനാറ് മത്സരങ്ങളില്‍നിന്നും 20 പോയിന്റുമായാണ് രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫിനുള്ള യോഗ്യത നേടിയത്. പത്ത് മത്സരങ്ങളില്‍ വിജയം കണ്ടപ്പോള്‍ ആറെണ്ണത്തില്‍ പരാജയം രുചിക്കുകയായിരുന്നു. ഇതേ പോയിന്റടിസ്ഥാനത്തിലാണ് സണ്‍റൈസേഴ്സിന്റെയും വരവ്. എന്നാല്‍ റണ്‍റേറ്റില്‍ അവര്‍ റോയല്‍സിന്റെ പിന്നിലാണ്. പ്രതിഭകള്‍ ധാരാളമുള്ള ഇരുടീമുകളും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കോട്ലയില് തീപാറുമെന്നുറപ്പാണ്. അവസാന മത്സരം ജീവന്മരണ പോരാട്ടമാക്കി മാറ്റിയ സണ്‍റൈസേഴ്സ് ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നുറപ്പാണ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ റോയല്‍സിന് കനത്ത വെല്ലുവിളിയാകും അവര്‍ ഉയര്‍ത്തുക.
രാജസ്ഥാന് റോയല്‍സിന് ഹോം ഗ്രൗണ്ടാണ് ഭാഗ്യം നേടിക്കൊടുത്തത്. എട്ട് എവേ മത്സരങ്ങളില്‍ ആറിലും അവര്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ മത്സരത്തെ വിലയിരുത്താനാകില്ല. റോയല്‍സിന് കനത്ത ആഘാതമായി മാറിയത് സ്പോട്ട് ഫിക്സിംഗ് ആരോപണമാണ്. അതില്‍നിന്നും മുക്തമാകാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പോരാട്ടം തന്നെയാകും ദ്രാവിഡും കൂട്ടരും കാഴ്ചവെക്കുക. കോട്ലയില് നടന്ന നാല് മത്സരങ്ങളില്‍ ഒന്നുമാത്രമാണ് രാജസ്ഥാന് ജയിച്ചിട്ടുള്ളത് എന്നത് സണ്‍റൈസേഴ്സിന് ആശ്വാസം പകരുന്നു. ഈ ചരിത്രം തിരുത്താനാകും റോയല്‍സ് കളത്തിലിറങ്ങുക. ഈ ഗ്രൗണ്ടില്‍ ഡെയര്‍ ഡെവിള്‍സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയതുമാത്രമാണ് റോയല്‍സിന്റെ സമ്പാദ്യം.
ഷെയ്സ് വാട്സണാണ് രാജസ്ഥാന്റെ മികച്ച ബാറ്റിംഗ് കരുത്തായി വിലയിരുത്തപ്പെടുന്നത്. 14 മത്സരങ്ങള്‍ കളിച്ച വാട്സണ് 513 റണ്‍സാണ് അടിച്ചെടുത്തത്. 11 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 449 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും 416 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും റോയല്‍സിന്റെ പ്രതീക്ഷകളാണ്. സ്റ്റുവാര്‍ട്ട് ബിന്നി, ബ്രാഡ് ഹോഡ്ജ് തുടങ്ങിയവര്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ളവരാണ്. 14 മത്സരങ്ങളില്‍ നിന്നായി 26 വിക്കറ്റുകള്‍ വീഴ്ത്തി ഏറ്റവും മുന്നില്‍ നില്ക്കുന്ന ബൗളറാണ് ജെയിംസ് ഫോള്‍ക്ക്നര്‍. അദ്ദേഹത്തിന്റെ മികവ് റോയല്‍സ് പ്രതീക്ഷനല്‍കുന്നു. സണ്‍റൈസേഴ്സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഫോള്‍ക്ക്നര്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. തന്നെയുമല്ല വെസ്റ്റിന്ത്യന്‍ താരം കെവന്‍ കൂപ്പറും മികവ് പുലര്‍ത്തുന്നുണ്ട്. 17 വിക്കറ്റുകളാണ് കൂപ്പര്‍ കടപുഴക്കിയത്.
മറുവശത്ത് അവസാന രണ്ടു മത്സരം തുടര്‍ച്ചയായി ജയിച്ചുകൊണ്ടാണ് സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക് പറന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും രാജസ്ഥാന് റോയല്‍സിനെയും ആണ് സണ്‍റൈസേഴ്സ് പരാജയപ്പെടുത്തിയത്. മെയ് 17 ന് നടന്ന മത്സരത്തില്‍ രാജസ്ഥാനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ടീം മുന്നേറിയത്. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാവും ഹൈദരാബാദ് ടീം ഇന്ന് കളത്തിലിറങ്ങുക. ഈ മത്സരത്തിലാണ് ഫോക്നര്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.
ഓപ്പണര്‍ ജോഡികളായ പാര്‍ത്ഥിവ് പട്ടേലും ശിഖര്‍ ധവാനും സണ്‍ റൈസേഴ്സിന് മികച്ച തുടക്കം കുറിക്കുമെന്ന് കരുതപ്പെടുന്നു. മധ്യനിരയില്‍ കാമറൂണ്‍ വൈറ്റും തിസാര പെരേരയും സ്കോര്‍ ഉയര്‍ത്താന്‍ ശേഷിയുള്ളവരാണ്. സാമന്തറേയും മികവ് പുലര്‍ത്തുമെന്ന് കരുതുന്നു. ബൗളിംഗില്‍ ഡെയ്ല്‍ സ്റ്റെയിന് ആണ് സണ്‍റൈസേഴ്സിന്റെ കുന്തമുന. തിസാര പെരേരയും അമിത് മിശ്രയും വിക്കറ്റ് വേട്ടയില്‍ സ്റ്റെയിനേനേക്കാള് മുന്നിലാണ്. 14 വിക്കറ്റ് വീഴ്ത്തിയ ഇഷാന്തും പ്രതീക്ഷ നല്കുന്നു.
ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചില്‍ ബൗളര്‍മാരുടെ നിയന്ത്രണവും മികച്ച ഫീല്‍ഡിംഗും വിജയത്തിന് അടിത്തറയേകും. റോയല്‍സ് കൂടുതല്‍ മത്സരങ്ങളും പിന്തുടര്ന്ന് ജയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് തങ്ങളുടെ സ്കോര്‍ പ്രതിരോധിച്ചാണ് ഭൂരിപക്ഷം മത്സരങ്ങളിലും ജയം കണ്ടത്. മത്സരത്തില്‍ കടലാസിലെ കണക്കുപ്രകാരം റോയല്‍സിന് സാധ്യത കല്പ്പിക്കപ്പെടുമ്പോള് ഇത് തകര്‍ക്കാനാവും ഹൈദരാബാദ് ടീം ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: