ന്യൂദല്‍ഹി: ഐപിഎല്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് കടന്നു. ഇനി പ്ലേ ഓഫിലെ കന്നിയങ്കത്തിന്റെ മണികിലുക്കം. ഇന്ന് ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യമത്സരം. പ്ലേഓഫിലെ ആദ്യമത്സരം തുല്യരുടെ പോരാട്ടമായി വിലയിരുത്തപ്പെടുമ്പോള്‍ അത് പ്രവചനസാധ്യതക്കതീതമാവും. ഇരുടീമുകളും ലീഗില്‍ 22 പോയിന്റുകള്‍ നേടിയാണ് പ്ലേ ഓഫിലെത്തിയത്. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മഹാരാജാക്കന്മാര് ഒന്നാമതെത്തിയപ്പോള്‍ തൊട്ടടുത്തുതന്നെ മുംബൈയും നിലയുറപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും ഒരു മത്സരം കൂടിയുണ്ടെന്നതിനാല്‍ പരാജിതരുടെ സാധ്യത അവസാനിക്കുന്നില്ല.
സൂപ്പര്‍ കിംഗ്സിന്റെ ഏറ്റവും മികച്ച ഘടകം എന്നു പറയുന്നത് ധോണിയുടെ ക്യാപ്റ്റന്‍സിയാണ്. ഇന്ത്യന്‍ നായകന്റെ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന ഒരു നിരയാണ് അവര്‍ക്കുള്ളതും. എതിരാളികളെ വിലകുറച്ചു കണ്ടാല്‍ അത് എതിര് ടീമിനെ തകര്‍ക്കുമെന്നുറപ്പാണ്. ഫിറോസ് ഷാ കോട്ലാ പോലൊരു ഗ്രൗണ്ടില്‍ റണ്ണൊഴുകും എന്നതിനാല്‍ അത് തടയാനുള്ള തന്ത്രങ്ങളുമായാവും ഇരുകൂട്ടരും കളത്തിലിറങ്ങുക. നാളത്തെ മത്സരം അശ്വിനും സച്ചിനും തമ്മിലുള്ള പോരാട്ടമായോ ധോണിയും ഹര്‍ഭജനും തമ്മിലുള്ള ഏറ്റുമുട്ടലായോ, പൊളാര്‍ഡും മോഹിത് ശര്‍മയും തമ്മിലുള്ള മത്സരമായോ വിലയിരുത്തുന്നവരേറെയാണ്. മൈക്ഖസിയും ഓജയും തമ്മിലുള്ള മത്സരമാകാനും സാധ്യതയേറെയാണ്. അതിനാല്‍ പ്രവചനാതീതമായ ഒരു മേളപ്പെരുക്കത്തിനാവും നാളെ കോട്ല സാക്ഷ്യം വഹിക്കുക.
മുംബൈ ഇന്ത്യന്‍സിന് ചെന്നൈക്കുമേല്‍ മാനസികമായ മുന്‍തൂക്കം ഉണ്ട്. അത് രോഹിതിനും കൂട്ടര്‍ക്കും ഉണര്‍വേകുന്നു. ഇരുടീമുകളും തമ്മിലുള്ള മത്സരങ്ങളില്‍ വിജയം നേടിയത് മുംബൈ ആയിരുന്നു എന്നതിനാലാണത്. മുംബൈയുടെ ഹോം മാച്ചുകളിലും എവേ മത്സരങ്ങളിലും നീലപ്പടയെ മറികടക്കാന്‍ മഹാരാജാക്കന്മാര്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ മികവ് പ്ലേ ഓഫില്‍ സംഭവിക്കണമെന്നില്ല. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാനാവും ഇരു ടീമുകളുടേയും ശ്രമം. മുംബൈയുടെ പടയോട്ടത്തിന് പ്ലേ ഓഫില്‍ ഒന്നിച്ചൊരു മറുപടി കൊടുക്കാനാവും ധോണിയും ശ്രമിക്കുക. ടീം ഫോമിലാണെന്നുള്ളത് ഇരുവര്‍ക്കും ആശ്വാസമാണ്.
526 റണ്‍സ് നേടി മികവോടെ നില്ക്കുന്ന താരമാണ് ഇന്ത്യന്‍സ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പ്ലേ ഓഫില്‍ രോഹിത് തന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. 325 റണ്‍സ് നേടിയ പൊളാര്‍ഡിന്റെ പ്രകടനം പല ഘട്ടങ്ങളിലും നിര്‍ണായകമായിരുന്നു. ഒരു മത്സരത്തില്‍ തോല്‍വിയില്‍നിന്നും മുംബൈയെ നയിച്ചത് ഈ കരീബിയന്‍ ഓള്‍റൗണ്ടറായിരുന്നു. 22 വിക്കേറ്റ്ടുത്ത മിച്ചല്‍ ജോണ്സണ് മുംബൈക്കുവേണ്ടി അപകടം വിതക്കുമെന്നുറപ്പാണ്. 19 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജനും മികവു പുലര്‍ത്തും.
മറുവശത്ത് മൈക്ക് ഹസി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നത് ചെന്നൈക്ക് ആശ്വാസമേകുന്നു. 646 റണ്‍സാണ് ഹസി നേടിയിട്ടുള്ളത്. സുരേഷ് റെയ്നയും മികവ് പുലര്‍ത്തുന്നു. 25 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോ ഓള് റൗണ്ട് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് ധോണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
പ്രവചനങ്ങള്‍ക്കതീതമായ മത്സരത്തില്‍ നാളെ മുംബൈയും ചെന്നൈയും ഏറ്റുമുട്ടുകയാണ്. കടലാസിലെ കണക്കുകള്‍ക്ക് മുന്‍തൂക്കം ഉണ്ടാകുമോ അതോ ഈ സീസണില്‍ ചെന്നൈ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുമോ എന്നറിയാനായി ആരാധകരും കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: