സോള്‍: ദക്ഷിണ കൊറിയയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ നടത്തുന്ന അഞ്ചാമത്തെ മിസൈല്‍ പരീക്ഷണമാണിത്. തിങ്കളാഴ്ച്ച രാവിലെയും ഉത്തരകൊറിയ മിസൈല്പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഏത് വിധത്തിലുള്ള മിസൈല്പരീക്ഷണമാണെന്ന് സ്ഥിരീകരിക്കാന്കഴിഞ്ഞിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് മിസൈല്പരീക്ഷണങ്ങളെന്നാണ് ഉത്തരകൊറിയ നല്കുന്ന വിശദീകരണം.
ദക്ഷിണ കൊറിയക്ക് ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയുടെ നടപടികള്‍ ഏറെ ആശങ്കയോടെയാണ് ദക്ഷിണകൊറിയ വീക്ഷിക്കുന്നത്. ഇരുകൊറിയകളും സംയുക്തമായി അതിര്‍ത്തിയില്‍ തുടങ്ങിയ ഫാക്ടറിയിലേക്ക് ദക്ഷിണ കൊറിയയില്‍ നിന്നുള്ള തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതും ഉത്തരകൊറിയ തടഞ്ഞിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസവും ദക്ഷിണ കൊറിയ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയയുടെ ആവശ്യങ്ങള്‍ പാടെ തള്ളുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഉത്തരകൊറിയ.
അമേരിക്കയുമായിചേര്‍ന്ന് ദക്ഷിണ കൊറിയ കഴിഞ്ഞ മാസം നടത്തിയ സൈനികാഭ്യാസം ഉത്തരകൊറിയയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തിയാല്‍ അമേരിക്കക്കെതിരെ ആണവ യുദ്ധമുണ്ടാകുമെന്ന ഭീഷണിയും ഉത്തരകൊറിയ നടത്തിയിരുന്നു.
ശനിയാഴ്ച്ച ഉത്തരകൊറിയ നടത്തിയ മിസൈല്പരീക്ഷണങ്ങളെ അപലപിച്ച ദക്ഷിണ കൊറിയ ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികള്‍ ഉത്തരകൊറിയ അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. തുടരെത്തുടരെയുള്ള ആണവ പരീക്ഷണങ്ങളുടെപേരില് അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഉത്തരകൊറിയക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെഉപരോധം നിലനില്‍ക്കെയാണ് ഉത്തരകൊറിയ അയല്‍രാജ്യങ്ങളെ പ്രകോപിപ്പിച്ച് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: