ആലുവ: മാര്‍ക്കറ്റിനു സമീപം നാഷണല്‍ ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ജനസേവ ശിശുഭവനില്‍ അഭയം നല്കി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡരികിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന അനു(8) അനിത(6) മാധവന്(നാല്) എന്നീ കുട്ടികളെ ജസേവ ശിശുഭവനില്‍ എത്തിച്ചത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ മാരിയപ്പ-തിലക എന്നിവരുടെ മക്കളായ ഇവര്‍ ഇതിനുമുമ്പ് കേരളത്തിലെ പലയിടങ്ങളിലും തെരുവുകളിലാണ് കഴിഞ്ഞിരുന്നത്. കുട്ടികളുടെ അച്ഛനായ മാരിയപ്പന് രോഗിയും ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് അമ്മയായ തിലക കുട്ടികളെ വളര്‍ത്തിയിരുന്നത്. അവര്‍ പോകുമ്പോള്‍ ഭക്ഷണത്തിനും മറ്റും കുട്ടികള്‍ തമ്മില്‍ കലഹിക്കുന്നതിനും തിരക്കുള്ള റോഡിലൂടെ ഓടി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണി ആയപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്. കുട്ടികളുടെ ജീവിത സാഹചര്യത്തില്‍ ദൈന്യത തോന്നിയ അവര്‍ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയും ജനസേവ ശിശുഭവനെപറ്റി അറിയിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് അമ്മയായ തിലക കുട്ടികളെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായി ജനസേവ ശിശുഭവനില്‍ എത്തിച്ചത്. ജനസേവ ശിശുഭവനിലെത്തിയ മൂന്ന് കുട്ടികളേയും നിയമ പ്രകാരമുള്ള സംരക്ഷണത്തിനായി ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഹാജരാക്കി ഉത്തരവ് വാങ്ങി. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള താല്‍ക്കാലിക സംരക്ഷണം ജനസേവ ശിശുഭവന് ഏറ്റെടുത്തതായി ചെയര്മാന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: