മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിന് ഹൃദയഭേദകമായ മറ്റൊരു തോല്‍വികൂടി. എക്സ്ട്രാ ടൈംവരെ നീണ്ട ഫൈനലില്‍ റയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച അത്ലറ്റിക്കോ മാഡ്രിഡ് കിങ്ങ്സ് കപ്പ് ജേതാക്കളായി. 1999നുശേഷം റയലിനെ അത്ലറ്റിക്കോ തോല്‍പ്പിക്കുന്നത് ഇതാദ്യം. അത്ലറ്റിക്കോയുടെ പത്താം കിങ്ങ്സ് കപ്പ് നേട്ടം കൂടിയാണിത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയ അയല്‍ക്കാരെ ഡിഗോ കോസ്റ്റയുടെ സ്ട്രൈക്കിന്റെ സഹായത്താല്‍ അത്ലറ്റിക്കോ ഒപ്പം പിടിച്ചു. അധിക സമയത്തിന്റെ എട്ടാം മിനിറ്റില്‍ മിരാന്‍ഡയും റയലിന്റെ വലയില്‍ പന്തെത്തിച്ചതോടെ അത്ലറ്റിക്കോഐതിഹാസിക നേട്ടം സ്വന്തമാക്കി. ക്രിസ്റ്റ്യാനൊ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോകുന്നതടക്കമുള്ള അനിഷ്ട സംഭവങ്ങളും മാഡ്രിഡ് ഡെര്‍ബിയുടെ ചൂടേറ്റി.
ഇരുടീമുകളും കരുതലോടെ നീങ്ങിയ ഒന്നാം പകുതിയില്‍ കളി ഏറെക്കുറെ പ്രതിരോധാത്മകമായിരുന്നു 14-ാം മിനിറ്റില്‍ മെസൂട്ട് ഒസിലിന്റെ കോര്‍ണറില്‍ ഡീഗോ ഗോഡിന് ഉയര്‍ന്നുചാടി തലവെച്ച ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു(1-0). ഗോള്‍ വന്നെങ്കിലും കളിക്കു ജീവന്വച്ചില്ല. ഒന്നാം പകുതിയവസാനിക്കാന്‍ പത്തുമിനിറ്റുകള്മാത്രം അവശേഷിക്കെ മത്സര ചിത്രം മാറിമറിഞ്ഞു. സൂപ്പര്‍ സ്ട്രൈക്കര്‍ റദമേല്‍ ഫല്‍ക്കാവോയും ഡിഗോ കോസ്റ്റയും ഇഴയിട്ട കൗണ്ടര്‍ അറ്റാക്ക് റയലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മധ്യവരയില്‍ നിന്ന് രണ്ട് എതിരാളികളെ വെട്ടിച്ച ഫല്‍ക്കാവോ കോസ്റ്റയ്ക്ക് പന്തു മറിച്ചുനല്‍കി. സെര്‍ജിയോ റാമോസിനെയും മൈക്കല്‍ എസിയനെയും കടന്നു കുതിച്ച കോസ്റ്റ റയലിന്റെ വലയുടെ മൂലയിലേക്ക് പന്തടിച്ചു കയറ്റി (1-1).
രണ്ടാം പകുതിയില്‍ പരുക്കന്‍ പശ്ചാത്തലം കളിയുടെ തീവ്രതയേറ്റി. തുടക്കത്തില്‍ ഇരുടീമുകളുടെയും നീക്കങ്ങള്ക്ക്പൂര്ണത ലഭിച്ചില്ല. പലപ്പോഴും ഭാഗ്യം അത്ലറ്റിക്കോയ്ക്ക് ഒപ്പമായിരുന്നു. ക്രിസ്റ്റ്യാനോയുടെ തന്ത്രപരമായ ഫ്രികിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചതടക്കം നിരവധിതവണ ഭാഗ്യദേവത സന്ദര്‍ശകരെ കടാക്ഷിച്ചു. ഇരു സംഘവും ഗോള്‍ കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ കളി അധിക സമയത്തേക്ക്. ഗോണ്‍സാലോ ഹിഗ്വെയ്നെയും എയ്ഞ്ചല്‍ ഡി മരിയെയുമൊക്കെ കളത്തിലിറക്കി ഹോസെ മൗറിഞ്ഞോ അവസാന വിദ്യകള്‍ പുറത്തെടുത്തു. പക്ഷേ, 98ാം മിനിറ്റില്‍ വലുത് വിങ്ങില്‍ നിന്ന് കോകെ നല്കി ക്രോസ് വലയിലേക്ക് ഹെഡ്ഡു ചെയ്തിട്ട മിറാന്‍ഡ ബദ്ധവൈരികളുടെ കഥകഴിച്ചു (2-1). ഫൈനല്‍ വിസിലിന് ഏതാനും മിനിറ്റുകള്‍ അവശേഷിക്കെ കോപാവേശത്താല്‍ ഗാബിയുമായി ഉരസിയെ ക്രിസ്റ്റാന്യോ റെഡ് കാര്‍ഡ് കണ്ടപ്പോള്‍ റയലിന്റെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഗാബിയും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായെങ്കിലും കിരീടത്തിലേക്കുള്ള അത്ലറ്റിക്കോയുടെ പ്രയാണത്തെ അതുബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: