കൊല്ലം: നൂറ്റിനാല്‍പ്പത് ദിവസം പിന്നിടുന്ന അരിപ്പ ഭൂസമരത്തെ ഊരുവിലക്ക് തീര്‍ത്ത് ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ്- സിപിഎം നീക്കമാണ് കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊളിഞ്ഞത്. ഭൂസമരം നടത്തി പരാജയപ്പെട്ട സിപിഎമ്മുകാര്‍ പ്രദേശവാസികളില്‍ സമരക്കാരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചാണ് ഊരുവിലക്ക് അടിച്ചേല്‍പ്പിച്ചിരുന്നത്. അരിപ്പയിലെ സമരഭൂമിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസരം നിഷേധിച്ചാല്‍ പട്ടിണിമരണം ഭയന്ന് സമരം അവസാനിപ്പിക്കുമെന്ന വ്യാമോഹമായിരുന്നു ഊരുവിലക്കിന് പിന്നില്‍.
എന്നാല്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനകള്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിക്ക് പിന്തുണയുമായെത്തിയതോടെ കുപ്രചാരണങ്ങള്‍ പൊളിയുകയായിരുന്നു. സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ട് സമരഭൂമിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ആദിവാസി സ്ത്രീകളെ അപമാനിക്കാനും രാഷ്ട്രീയനേതൃത്വം ശ്രമിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ചോഴിയക്കോട്ടെയും മറ്റും സ്ഥാപനങ്ങളില്‍ നിന്ന് സമരക്കാര്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നത് കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ വിലക്കിയിരുന്നു. സമരം നടത്തുന്ന ആദിവാസികള്‍ വഴിനടക്കുന്നത് തടയാനും അവരെ മര്‍ദിക്കാനും പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിച്ചു. സമരക്കാരെ തല്ലിയോടിക്കണമെന്ന് പുനലൂര്‍ എംഎല്‍എ കെ. രാജു നടത്തിയ പ്രസംഗവും പട്ടികജാതി സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.
ഊരുവിലക്ക് മൂലം ചികിത്സ നിഷേധിക്കപ്പെട്ട സമരക്കാര്‍ക്ക് വേണ്ടി ഹിന്ദുഐക്യവേദി ഇന്നലെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. നേരത്തെ ഭക്ഷണസാമഗ്രികള്‍ സമരഭൂമിയിലെത്തിച്ച് ഐക്യവേദി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് 21ന് അരിപ്പ സന്ദര്‍ശിക്കാനിരിക്കെയാണ് ഊരുവിലക്ക് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
അഞ്ചുമാസത്തോളമാകുന്ന അരിപ്പ സമരത്തിന് അധികൃതരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന ആദ്യ അനുകൂല നിലപാടാണ് ഇത്. ഭൂസമരക്കാരുടെ നേരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം കൊടുത്ത ഉപരോധം അവസാനിപ്പിക്കാനാണ് കളക്ടര്‍ പി.ജി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്. അതേസമയം അരിപ്പയിലെ സമരഭൂമിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സമരസമിതി തയാറായിട്ടില്ല. സമരം ചെയ്യാനുള്ള അവകാശത്തെ തടസപ്പെടുത്തുന്ന ഒരു നിലപാടും അംഗീകരിക്കാനാവില്ലെന്ന് സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ആയിരത്തിമുന്നൂറ് കുടുംബങ്ങളില്‍പ്പെട്ട നാലായിരത്തോളം പേര് സമരഭൂമിയില്‍ പട്ടിണിയുടെയും മാരകരോഗങ്ങളുടെയും പിടിയില്‍പെട്ട് വലയുന്നതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ചത്. ഭൂരഹിതര്‍ക്ക് ഭൂമി ആവശ്യപ്പെട്ട് 2012 ഡിസംബര്‍ 31ന് ആണ് അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. അതിനുശേഷം സിപിഎം നടത്തിയ സമരം പൊളിഞ്ഞ് പിന്മാറിയിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആദിവാസി ദളിത് കുടുംബങ്ങള്‍ അരിപ്പയില്‍ കുടില്‍കെട്ടി നിലയുറപ്പിക്കുകയായിരുന്നു.
മദ്യമടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളെ സമരഭൂമിയില്‍ നിന്ന് കുടിയിറക്കി കൃഷിചെയ്തും വിളവെടുത്തും ഉല്പന്നങ്ങള് വിറ്റും അച്ചടക്കത്തോടെ നടക്കുന്ന സമരത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങളാണ് ഇപ്പോള്‍ പരാജയപ്പെട്ടത്.
കളക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ എഡിഎം ഒ. രാജു, ആര്‍ഡിഒ വി. ജയപ്രകാശ്, തഹസീല്‍ദാര്‍ ലംബോധരന്‍പിള്ള, ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, അബ്ദുള്‍ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: