ന്യൂദല്‍ഹി: വിവാദമായ ഐപിഎല്‍ കോഴക്കേസിന്റെ അന്വേഷണം കൂടുതല്‍ കളിക്കാരിലേക്ക് നീളുന്നതായി സൂചന. സ്പോട്ട് ഫിക്സിംഗിനു പുറമേ മാച്ച് ഫിക്സിംഗും നടന്നിട്ടുണ്ടെന്ന വിവരങ്ങളും പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്നുണ്ട്.
മെയ് 3ന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ നടന്ന രാജസ്ഥാന് റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. സ്പിന്‍ പിച്ചില്‍ സ്പിന്നര്‍മാരെ കളിപ്പിക്കാതെ വലിയ തോല്‍വി ഏറ്റുവാങ്ങിയതാണ് പോലീസിനെ സംശയിപ്പിക്കുന്നത്. മല്‍സരത്തില്‍ മലയാളി താരം സഞ്ജു വി. സാംസണ് ഒഴികെ മറ്റാരും കാര്യമായി തിളങ്ങിയില്ല. രാജസ്ഥാന്റെ 132 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അനായാസം മറികടന്നു. ഇതുമായി ബന്ധപ്പെട്ട് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനേയും ടീം ഉടമ ശില്പ ഷെട്ടിയേയും ഭര്‍ത്താവ് രാജ് കുദ്രയേയു ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇവരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തേപ്പറ്റി വ്യക്തമായി പ്രതികരിക്കാന്‍ ദല്‍ഹി പോലീസ് തയ്യാറായിട്ടില്ല.
വ്യാഴാഴ്ച അറസ്റ്റിലായ വാതുവെപ്പുകാരുടെ കൂടെ ഉള്‍പ്പെട്ട മുന്‍ രാജസ്ഥാന് റോയര്‍സ് താരം അമിത് സിങ്ങിനെ ബിസിസിഐ സസ്പെന്റ് ചെയ്തിട്ടുണ്ട്. 2009ലും 2012ലും രാജസ്ഥാനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച അമിത് സിങ് വാതുവെപ്പുകാരും കളിക്കാരുമായുള്ള പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് പോലീസ് പറയുന്നത്. ടീമിലെ ബാറ്റ്സ്മാന്മാരെ സ്വാധീനിക്കാനും വാതുവെപ്പു സംഘം ശ്രമിച്ചിട്ടുണ്ട്. രാജ്സ്ഥാന്‍ റോയല്‍സിലെ താരങ്ങളായ അജിന് രഹാനെ, ബ്രാഡ് ഹോഡ്ജ് എന്നിവരെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും അറിവായിട്ടുണ്ട്.
വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയിഡുകള്‍ തുടരുകയാണ്. ഇന്നലെ ചെന്നൈയില്‍ നടന്ന റെയ്ഡില്‍ വാതുവെപ്പു സംഘത്തിലെ പ്രധാനിയായ വിരുതാചലം അറസ്റ്റിലായി. തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിങ് നടത്തിയ തെരച്ചിലിനിടയില്ഒരു സൗത്താഫ്രിക്കന്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. 14.3 ലക്ഷം രൂപയും അഞ്ച് ലാപ്ടോപ്പുകളും 6 ലാന്റ് ഫോണുകളും കണ്ടെടുത്തു. വാതുവെപ്പില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കിയതിന്റേയും മറ്റും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: