ഇസ്ലാമാബാദ്: ഇന്ത്യയോട് സൗഹൃദം വേണ്ടെന്ന് നവാസ് ഷെരീഫിന് പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ ഭീകരവാദ സംഘങ്ങളുടെ മുന്നറിയിപ്പ്. ന്യൂദല്‍ഹിയുമായി കൂട്ടുചേരാമെന്ന് പാക്കിസ്ഥാനിലെ ഭരണാധികാരികളാരും വിചാരിക്കേണ്ടെന്ന് ഹിസ്ബുള്‍ തലവനാണ് മുന്നറിയിപ്പ് നല്‍കിയത്. കാശ്മീര്‍ വിഷയത്തില്‍ മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാരുകള്‍ക്കൊന്നും ഇസ്ലാമാബാദില് നിലനില്ക്കാന് കഴിയില്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരുതരത്തിലുമുള്ള സൗഹൃദവും പാടില്ലെന്ന് ഹിസ്ബുള്‍ തലവന്‍ ഓര്‍മിപ്പിച്ചു.
പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നവാസ് ഷെരീഫ് ഇന്ത്യയുമായി സൗഹൃദം പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. 1999ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ലാഹോറിലേക്ക് നടത്തിയ ബസ് യാത്രയുടെ തുടര്‍ച്ചയായി ഡോ.മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഷെരീഫ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നവാസ് ഷെരീഫിന്റെ അല്ല ആരുടെതായാലും ശരി കാശ്മീര്‍ വിഷയത്തില്‍ നിന്നും പിന്മാറുന്ന ഒരു സര്‍ക്കാരിനെയും പാക്കിസ്ഥാനില്‍ തുടരാനനുവദിക്കില്ലെന്ന് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവനും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും കൂടിയായ സയിദ് സലാഹുദ്ദീന് മുന്നറിയിപ്പു നല്കി. ഇസ്ലാമാബാദില് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പാക് ഭീകരന് ഇക്കാര്യം തുറന്നടിച്ചത്.
കത്തി നില്ക്കുന്ന കാശ്മീര്‍ പ്രശ്നത്തില്‍ നിന്നും പിന്തിരിഞ്ഞ് ന്യൂദല്‍ഹിയുമായി വ്യാവസായിക-സാംസ്കാരിക-വിനോദസഞ്ചാര മേഖലകളില്‍ സൗഹൃദം പ്രോത്സാഹിപ്പിക്കാമെന്ന അപരാധം ചെയ്യാന്‍ ശ്രമിക്കരുതെന്നാണ് അധികാരത്തില്‍ വരാന്‍ പോകുന്ന സര്‍ക്കാരിന് സലാഹുദ്ദീന് നല്കുന്ന ഉപദേശം. ഭൂരിപക്ഷം നേടിയിരിക്കുന്ന പാക്കിസ്ഥാന് മുസ്ലിം ലീഗ് കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ പരമ്പരാഗത നയം തന്നെ പിന്തുടരുമെന്നാണ് പ്രതീക്ഷ. യുഎന്‍ പ്രമേയം വഴി കാശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള പരിഹാരം കാശ്മീര്‍ വിഷയത്തിലുണ്ടാക്കാനാണ് നവാസ് ഷെരീഫിന്റെ സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സലാഹുദ്ദീന് ആവശ്യപ്പെട്ടു. ആത്മവിശ്വാസം കൂട്ടാനുള്ള നടപടികളുടെ പേരില്‍, സൗഹൃദത്തിന്റെ പേരില്‍, വ്യവസായത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ ഇന്ത്യയുമായി ബന്ധമുറപ്പിച്ച് കാശ്മീര്‍ വിഷയത്തില്‍ ഏകപക്ഷീയമായി കീഴടങ്ങിയാല്‍ അത് കാശ്മീരി ജനതയുടെ വികാരങ്ങളെ ഹനിച്ച് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ത്തുകളയുമെന്നും സലാഹുദ്ദീന് ചൂണ്ടിക്കാട്ടി. സൈനികമായി സഹായിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെങ്കില്‍ നയപരമായും രാഷ്ട്രീയമായും സഹായം നല്‍കുന്നത് തുടരണം. ഷെരീഫ് സര്‍ക്കാര്‍ ഒരുവശത്ത് മാത്രം അയവ് വരുത്തി മുഷ്റഫിനെപ്പോലെ ഒരുവശത്തു നിന്ന് മാത്രം സൗഹൃദഹസ്തം നീട്ടുന്നത് ആത്മഹത്യാപരമായിരിക്കും. മുഷ്റഫിന്റെ നയങ്ങളില്‍ നിന്നും പാക്കിസ്ഥാന് എന്ത് ഗുണം ലഭിച്ചെന്നും സലാഹുദ്ദീന് ചോദിച്ചു.
പാക്കിസ്ഥാന് കാശ്മീര്‍ പ്രശ്നത്തില്‍ നിന്ന് പിന്മാറിയാലും കാശ്മീരികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അയാള്‍ പറഞ്ഞു. 2001ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അതിര്‍ത്തിയില്‍ വേലി നിര്‍മിച്ചു. എന്നാല്‍ മുജാഹിദുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. സായുധാക്രമണം വിദേശ സഹായം കൂടാതെ തന്നെ നൂറുവര്‍ഷം നടത്താന്‍ കഴിയും. കാരണം കാശ്മീരിന്റെ ഭൂമിശാസ്ത്രം അത്രയ്ക്ക് അനുകൂലമാണ്, സലാഹുദ്ദീന് പറഞ്ഞു. അമേരിക്കയും നാറ്റോ സഖ്യത്തിലെ 26 രാഷ്ട്രങ്ങളും തങ്ങളുടെ അത്യാധുനിക യുദ്ധസാങ്കേതികത്വവും വമ്പിച്ച ബജറ്റും ഉപയോഗിച്ചിട്ടും അഫ്ഗാനോട് പരാജയപ്പെട്ടു. ഇത് കാശ്മീരിലും ആവര്‍ത്തിക്കില്ലെന്ന് എന്തുകൊണ്ട് പറയാന്‍ കഴിയില്ലെന്ന് സലാഹുദ്ദീന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: