കാനാട്ടെ കൊച്ചുമിടുക്കികള്‍ വൈകല്യങ്ങള്‍ വെല്ലുവിളിയാക്കി. ദേശീയ ബധിര – മൂക അത്ലറ്റ്ക് മീറ്റില്‍ മലയോരത്തിന്റെ അഭിമാനമായിമാറിയ ഈ കൊച്ചുമിടുക്കികള്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. മട്ടന്നൂര്‍ കാനാട് ശ്രീനിലയത്തില്‍ കെ.രഘൂത്തമന് – ഇന്ദിര ദമ്പതികളുടെ മക്കളായ സി.കെ.അനുശ്രീ, ശ്രീപ്രിയ,അനുപ്രിയ എന്നിവരാണ് നേട്ടക്കാര്‍.
2012 ല്‍ ജാര്‍ഖണ്ഡിലെ ടാറ്റാ നഗറിലായിരുന്നു ബധിര – മൂക ദേശീയമീറ്റ്. ജാവലിംഗ് ത്രോ, ഡിസ്കസ്ത്രോ എന്നിവയില്‍ സ്വര്‍ണ്ണവും ഷോട്ട്പുട്ടില്‍ വെങ്കലവുംനേടി മൂത്തസഹോദരി അനുശ്രീ വിജയ പീഠത്തില്‍ കയറിയപ്പോള്‍ ഈ വര്‍ഷം ബാംഗ്ലൂര്‍ ഖണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന 18 -ാമത് മീറ്റില്‍ ജാവലിംഗ്ത്രോ, ഡിസ്ക്കസ്ത്രോ, ഷോട്ട്പുട്ട് എന്നിവയില്‍ ശ്രീപ്രിയ സ്വര്‍ണ്ണമെഡലുകളും മത്സരിച്ച മൂന്ന് ഇനങ്ങളിലും അനുപ്രിയ വെള്ളിമെഡലുകളും നേടി. ഇവരിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മട്ടന്നൂര്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാനാട് എന്ന കൊച്ചുഗ്രാമത്തില്‍ ശ്രീനിലയം എന്ന വീട്ടിലെത്തിയത് ഒമ്പതു ദേശീയ മെഡലുകളാണ്. ഇനിയും മെഡലുകള്‍ വാരികൂട്ടാനുള്ള വാശിയിലാണ് നാടിനഭിമാനമായ ഈ സഹോദരിമാര്‍.
ശ്രീപ്രിയയും അനുപ്രിയയും ഇരട്ടകളാണ്. കഠിനാധ്വാനത്തിലൂടെ ഈ സഹോദരിമാര്‍ നേടിയെടുത്ത വിജയം വിവരിക്കാനിവര്ക്കു വാക്കു വേണ്ട. പ്രത്യേക ആംഗ്യഭാഷയില്‍ അവര്‍ ആ ആഹ്ലാദം പങ്കിടുന്നു. ദേശീയ മീറ്റുകള്‍ക്ക് പുറമെ സംസ്ഥാന മീറ്റുകളിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഈ സഹോദരിമാര്‍ കാഴ്ചവെച്ചത്. പഠിപ്പിലും മിടുക്കികളായ ഇവര്‍ കലാരംഗത്തും മികച്ച പ്രകടനക്കാരാണ്.
കാസര്‍കോട് മാര്‍ത്തോമ സ്പെഷ്യല്‍ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അനുശ്രി. ശ്രീപ്രിയയും അനുപ്രിയയും ഇരിട്ടി ചാവറ സ്പെഷ്യല്‍ സ്കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ ഈ വര്‍ഷം മികച്ച വിജയം നേടി. നൂറ് കണക്കിന് ബധിര – മൂക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലയോര മേഖലയിലെ പ്രമുഖ വിദ്യാലയമാണ് ഇരിട്ടിയിലെ ചാവറ നിവാസ് സ്കൂള്‍. ഇവിടുത്തെ കായിക അധ്യാപകനായ ബെഞ്ചമിന്‍ മാസ്റ്ററാണ് ഈ സഹോദരിമാരിലെ കായിക പ്രതിഭകളെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ കഠിന പരിശീലനത്തിലൂടെയാണ് ഇവര്‍ രാജ്യംമുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന കായിക താരങ്ങളായി മാറിയത്.
ചാവറയിലെ നിരവധി കുട്ടികള്‍ കലാ – കായിക രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
ജനിച്ചു മൂന്ന് മക്കള്‍ക്കും വാക്കും കേള്വിയുമില്ലെന്നറിഞ്ഞ് നെഞ്ഞുരികയ മാതാപിതാക്കള്‍ ഇപ്പോള്‍ മക്കള്‍ രാജ്യാന്തര പ്രശസ്തിയിലെത്തിയതോടെ സന്തോഷത്തിലാണ്. സാധാരണ കുട്ടികളുടെ ഒപ്പം മത്സരിച്ച് റവന്യൂ ജില്ലാതലത്തിലും ഈ കുട്ടികള്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ശ്രീപ്രിയ നൃത്തരംഗത്തു ശ്രദ്ധേയയാണ്. ഒപ്പം പെയിന്റിംഗിലും; സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
സ്പെഷ്യല്‍ സ്കൂള്‍ ബാന്റ് വാദ്യത്തിലും നൃത്തമത്സരങ്ങളിലും എ ഗ്രേഡ് നേടിയ അനുശ്രിയോടൊപ്പം അനുപ്രിയയും കലാരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ മാറ്റുരച്ച് മെഡലുകളുമായെത്തുന്ന പ്രതിഭകളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാട്ടുകാര്‍ ആഘോഷപൂര്‍വ്വമായാണ് സ്വീകരിച്ചു വീട്ടിലെത്തിച്ചത്. പക്ഷേ സര്‍ക്കാറില്‍ നിന്നും വേണ്ടരീതിയിലുള്ള പരിഗണനയും പ്രോത്സാഹനവും ലഭിക്കുന്നില്ലെന്ന പരാതി ഇവര്‍ക്കുമുണ്ട്.
സി.വി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: