വടവുകോട്: വടവുകോട് ബ്ലോക്കിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ബ്ലോക്ക് തല യോഗം വടവുകോട് പബ്ലിക്ക് ഹെല്‍ത്ത് സെന്ററില്‍ നടന്നു. എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് പ്രമോഷന് ടീം ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മഴക്കാല രോഗങ്ങളെയും പകര്‍ച്ച വ്യാധികളേയും തടയുന്നതിനും നിയന്ത്രിക്കുന്നതിനും വിപുലമായ കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി പറഞ്ഞു. കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍ ചൂണ്ടിക്കാട്ടി വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ജല ശുദ്ധീകരണ മെച്ചപ്പെടുത്താന്‍ ക്ലോറിനേഷന് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്കിനു കീഴിലുള്ള ആറ് പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രസിഡന്റുമാര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തമായ മാര്ക്ഷ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സ്കൂള്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തും. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൗകര്യവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നല്കുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പഞ്ചായത്ത് തലത്തില്‍ ഊര്‍ജ്ജിതമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊതുസ്ഥലങ്ങളിലും, തോടുകളിലും കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കും. ബോധവത്ക്കരണ പരിപാടികള്‍ വിശദീകരിക്കുന്ന നോട്ടീസുകള്‍ വിതരണം ചെയ്യും. എല്ലാ മാസവും 19, 26 തീയതികളില്‍ ‘ഡ്രൈ ഡേ’ ആചരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത് തല യോഗം ഈ മാസം 16ന് മുന്‍പും, വാര്ഡ്തലയോഗം 20ന് മുന്‍പും നടത്തുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവന്.കെ. പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി അലക്സ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യൂ.ഡി, ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: