മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ട്(ഐഐബി) അവതരിപ്പിക്കുന്നു. ജൂണ്‍ നാലിനാണ് ആദ്യമായി ഈ ബോണ്ട് പുറത്തിറക്കുക. എല്ലാ മാസവും ഇത് പുറത്തിറക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇതിലൂടെ 15,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന് മേലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.
ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ട്സ് പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് കേന്ദ്ര ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ നാലിന് 1000-2000 കോടി രൂപയുടെ ബോണ്ടായിരിക്കും ഇഷ്യു ചെയ്യുക. 10 വര്‍ഷമാണ് ഈ ബോണ്ടിന്റെ കാലാവധി. നടപ്പ് സാമ്പത്തിക വര്‍ഷം 12,000-15,000 കോടി രൂപയുടെ ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ട് ആയിരിക്കും പുറത്തിറക്കുക.
എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും ബോണ്ട് ഇഷ്യു ചെയ്യുക.
ബോണ്ട് ഇഷ്യുവിന്റെ ആദ്യ ശ്രേണിയില്‍ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. എന്നാല്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടാം ശ്രേണി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മാത്രമായാണ് മാറ്റിവച്ചിരിക്കുന്നത്. ദരിദ്രവിഭാഗത്തിന്റേയും ഇടത്തരക്കാരുടേയും സമ്പാദ്യം പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു മാര്‍ഗ്ഗം കണ്ടെത്തണമെന്ന് ബജറ്റില്‍ ശുപാര്‍ശ ചെയ്തിരുന്നു. അതിനാലാണ് ഈ പ്രത്യേക മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണം വാങ്ങുന്നതിന് പകരം ധനകാര്യ സ്ഥാപനങ്ങളില്‍ സമ്പാദ്യം സൂക്ഷിക്കുന്നതിന് ഗാര്‍ഹിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
വന്‍തോതിലുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ബിഐയ്ക്കും കേന്ദ്രസര്‍ക്കാരിനും കടുത്ത ആശങ്കയാണുള്ളത്. 2012-13 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 6.7 ശതമാനമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
കഴിഞ്ഞ മാസം സ്വര്‍ണം, വെള്ളി ഇറക്കുമതി 138 ശതമാനം ഉയര്‍ന്ന് 7.5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ മുന്ന് ദിവസത്തിനിടയില്‍ ആര്‍ബിഐ നടത്തുന്ന രണ്ടാമത്തെ സുപ്രധാന നീക്കമാണ് സ്വര്‍ണത്തിന് മേലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തുന്നതിനായി ബോണ്ട് ഇഷ്യു ചെയ്യുമെന്ന പ്രഖ്യാപനം. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് മേല്‍ തിങ്കളാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ട്സിന്റെ ആദ്യ ശ്രേണിയില്‍ പലിശ നിരക്ക് സ്ഥിരമായിരിക്കും. ബോണ്ടുകളില്‍ മേലുള്ള മൂലധന നിക്ഷേപം മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: