ലുസാന്‍: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ (ഐഒഎ) വിലക്കിയ നടപടി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) പിന്‍വലിച്ചു. സ്വിറ്റ്സര്‍ലണ്ടിലെ ലുസാനില്‍ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബറില്‍ നടത്തിയ അസോസിയേഷന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഐഒസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഒസിയുടെ നിര്‍ദ്ദേശം ഇന്ത്യ അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര പ്രസാദ്, പി.കെ. ദേബ്, തര്‍ലോചന്‍ സിംഗ്, എന്‍. രാമചന്ദ്രന്, നരീന്ദര്‍ ബത്ര, ആര്.കെ. ആനന്ദ്, എസ്. രഘുനാഥന്, ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഒളിമ്പ്യന്‍ സെയ്ലര് മലാവ് ഷ്രോഫ് എന്നിവരടക്കമുള്ള ഇന്ത്യന്‍ സംഘം ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജാക്വസ് റോഗെ നിയോഗിച്ച സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഐഒസി ചട്ടം ലംഘിച്ച് കഴിഞ്ഞ ഡിസംബറില്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്തിയതിനാണ് ഇന്ത്യയെ ഒളിമ്പിക്സില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ അഴിമതിക്ക് ജയിലിലായവരെ ജയിപ്പിച്ചതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതും വിലക്കിന് കാരണമായി. അഴിമതിക്കേസില്‍ ഗുരുതരമായ ആരോപണം നേരിടുന്ന സുരേഷ് കല്‍മാഡി, ലളിത് ഭാനോട്ട് തുടങ്ങിയവരെ ഐഒഎയുടെ ഭാഗമാക്കരുതെന്ന ഐഒസി ശിപാര്‍ശ നടപ്പായിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കായിക നിയമമനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന ഐഒഎ നിലപാട് ഐഒസി നേരത്തെ തള്ളിയിരുന്നു. വിലക്ക് കാരണം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐഒസിയുടെ കീഴില്‍ വരുന്ന രാജ്യാന്തര മേളകളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: