ജെറുസലേം: ഇസ്രായേലില്‍ പുരാതന മൊസൈക്ക് കണ്ടെത്തി. 1,500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മൊസൈക്ക് പുരാവസ്തു ഗവേഷകരാണ് ദക്ഷിണ ഇസ്രായേലിലെ നെഗെവ് മരുഭൂമിയിലെ ഏറ്റവും വലിയ നഗരമായ ബീര്‍ ഷെവയുടെ വടക്കന്‍ ഭാഗത്ത് കണ്ടെത്തിയത്. ഇസ്രായേല്‍ പുരാവസ്തുവകുപ്പ് അധികൃതരാണ് വിവരം പുറത്തുവിട്ടത്.
നന്നായി സംരക്ഷിച്ചിരുന്ന മൊസൈക്ക് പലവിധ ജ്യാമീയരൂപങ്ങളാല് അലങ്കരിച്ചിരുന്നു. മൂലകളില്‍ വൈന്‍ കൊണ്ടുപോകുന്ന ഭരണികള്‍ കൊത്തി വച്ചിരുന്നു. കൂടാതെ ഒരു ജോടി മയിലുകള്‍, ഒരു ജോടി പ്രാവുകള്‍ വല്ലരിയില്‍ തൂങ്ങിയാടുന്ന മുന്തിരിക്കുല കൊത്തുന്നത് എന്നിവയും കൊത്തിയിട്ടുണ്ട്. അക്കാലത്തെ സാധാരണ കൊത്തുപണികളാണിവ. എന്നാല്‍ ഈ മൊസൈക്കിന് അസാധാരണത്വം കല്‍പ്പിക്കുന്നത് അസംഖ്യം അലങ്കാരങ്ങള്‍ ഒരു കാര്‍പ്പെറ്റില്‍ തന്നെ കൊത്തിയിരിക്കുന്നു എന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.
വര്‍ണാഭമായ മൊസൈക് ബൈസാന്റൈന്‍ കാലത്തുള്ളതാണ്. കിബുത്സ് ബെറ്റ് ക്വാമയില് നിന്നുമാണ് ഇവ കണ്ടെത്തിയത്. നിര്‍ദിഷ്ട സ്ഥലത്ത് കണ്ടെത്തിയ പ്രധാനകെട്ടിടത്തിന് 12 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും ഉള്ള വലിയ ഹാളുണ്ട്. ഇതിന്റെ മേല്‍ത്തട്ട് മേലോടുകള്‍ പാകിയവയാണ്. ഹാളിന്റെ ആകര്‍ഷകമായ കവാടവും നിലത്ത് പാകിയിരിക്കുന്ന അദ്ഭുതാവഹമായ മൊസൈക്കും ഇത് പൊതുകെട്ടിടമാണെന്ന് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഇത് നിര്‍മിച്ച കാലത്ത് തന്നെ നിര്‍ദിഷ്ട സ്ഥലത്ത് വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസനത്തിന് ആവശ്യമായിരുന്നെന്നും പുരാവസ്തുവകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ സ്ഥലത്ത് പുരാതനമായ റോഡ്, ബീര്‍ ഷെവയുടെ വടക്ക് നിന്നും ഉണ്ടായിരുന്നു. അതില്‍ ആരാധനാലയം അടക്കമുള്ള വലിയ എസ്റ്റേറ്റും താമസത്തിനുള്ള കെട്ടിടങ്ങളും ശേഖരണ മുറികളും വലിയ ജലസംഭരണിയും പൊതുകെട്ടിടങ്ങളും കൃഷിഭൂമികളാല്‍ ചുറ്റപ്പെട്ട കുളവും ഉണ്ടായിരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് താമസിക്കാനുള്ള കെട്ടിടം എന്ന വിശ്വസിക്കുന്നതിന്റെ ഘടന ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഈ എസ്റ്റേറ്റ് ജൂത-ക്രിസ്ത്യന്‍ ഉടമ്പടികള്‍ക്ക് ഇടയ്ക്കാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: