കൊച്ചി: കളക്ടറേറ്റ് അടക്കം സുപ്രധാന ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന് മന്ദിരത്തിലും പരിസരത്തും സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. കളക്ടറേറ്റ് സമുച്ചയത്തിന്റെ സുരക്ഷ സംബന്ധിച്ച് പോലീസ് തയാറാക്കി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷന് മന്ദിരത്തിന്റെ ഇടനാഴികളിലും മറ്റ് പൊതുവായ ഭാഗങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന പഴയ സാധനങ്ങളും ചാക്കുകെട്ടുകളും ഉടനെ നീക്കം ചെയ്യാന്‍ സുരക്ഷാ വിഭാഗത്തിന് കളക്ടര്‍ നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച് 24 മണിക്കൂറിനകം നടപടി എടുക്കാന്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്ക്ക് നോട്ടീസ് നല്‍കും. ഇതിനു ശേഷവും മാറ്റാത്തവ മറ്റൊരു മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. നിര്‍ദേശം പാലിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്കി.
സിവില്‍ സ്റ്റേഷന്റെ പഴയ ബ്ലോക്കിലെ ലിഫ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് ജില്ല ഭരണകൂടം സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കിയാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്കിനെ പഴയ ബ്ലോക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ ബ്ലോക്കിലെ ലിഫ്റ്റും മുകള്‍നിലകളിലെത്താന്‍ ഉപയോഗിക്കാവുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.
പുകവലി നിരോധിത മേഖലയായ സിവില്‍ സ്റ്റേഷനില്‍ ഇതു സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പാക്കും. പൊതുസ്ഥലത്ത് പുകവലിക്കുന്നതിന് പിടിക്കപ്പെടുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നിഷ്കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണ്. പുകവലിക്കുന്നവരെ കണ്ടെത്താന്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റിലെ സുരക്ഷയും ശുചിത്വവും വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ് മൈക്കിള്‍, സാര്‍ജന്റ് പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്റെ രണ്ട് ബ്ലോക്കുകളും പരിശോധിച്ച കളക്ടര്‍ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് സുരക്ഷ വിഭാഗത്തിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: