മൂവാറ്റുപുഴ: കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികള്‍ വേളാങ്കണ്ണിയിലെ പോലീസ് സ്റ്റേഷനിലുണ്ടെന്ന് ബന്ധുക്കള്‍ക്കും മൂവാറ്റുപുഴ പോലീസിനും വിവരം ലഭിച്ചു.
ഇതേത്തുടര്‍ന്ന് പോത്താനിക്കാട് പോലീസും വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളും വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ചയാണ് കാലാമ്പൂര് സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോയതാണ് ഇവര്‍. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് വിദ്യാര്‍ത്ഥിനികളുടെ മൊബെയില്‍ ഫോണില്‍നിന്ന് സഹപാഠിക്ക് എത്തിയ സന്ദേശത്തെത്തുടര്‍ന്നാണ് സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവര്‍ ഇന്നലെ രാവിലെ വേളാങ്കണ്ണിയില്‍ എത്തിയപ്പോള്‍ സംശയംതോന്നിയ സെക്യൂരിറ്റി ഗാര്‍ഡ് തടഞ്ഞുവച്ചു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതോടെ രണ്ടുപേരെയും പോലീസിന് കൈമാറുകയായിരുന്നു.
വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തശേഷം പോലീസ് ബന്ധുക്കളെയും മൂവാറ്റുപുഴ ഡിവൈഎസ്പിയെയും വിവരമറിയിച്ചു. തുടര്‍ന്നാണ് പോത്താനിക്കാടുനിന്ന് പോലീസ് സംഘം വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. ഇതിലുള്ള അനിഷ്ടമാണ് ഒളിച്ചോടാന്‍ കാരണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വീട്ടുകാര്‍ ശകാരിച്ചതിലുള്ള വിഷമമാണ് രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതത്രെ. കൂടുതല്‍ വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പോത്താനിക്കാട് എസ്ഐ പി.എച്ച്.സമീഷ് പറഞ്ഞു. മൂവാറ്റുപുഴയിലെ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: