തൃപ്പൂണിത്തുറ: മില്‍മയുടെ തൃപ്പൂണിത്തുറ ഡയറിയില്‍നിന്നുള്ള പാല് വിതരണം എറണാകുളം ജില്ലയില്‍ ഭാഗികമായി നിലച്ചു. ചൂണ്ടി ജലവിതരണ പദ്ധതിയില്‍നിന്ന് ശുദ്ധജലം കിട്ടാതെ വന്നതാണ് മില്‍മ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടാനും പാല് വിതരണം നിലയ്ക്കാനും കാരണം. ചൂണ്ടി പദ്ധതിയുടെ പമ്പിംഗ് മേഖലയില്‍ വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്.
തൃപ്പൂണിത്തുറയിലെ മില്‍മ ഡയറി പ്ലാന്റില്‍ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ആവശ്യം. പാല് സംസ്ക്കരണപ്ലാന്റ് മൂന്ന് ഷിഫ്റ്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്രയും ശുദ്ധജലമാണ് വേണ്ടത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മില്മക്കുള്ള ജലവിതരണത്തില്‍ കുറവുണ്ടാവുകയും പിന്നീട് വെള്ളം കിട്ടാതാവുകയും ചെയ്തു. തൃപ്പൂണിത്തുറ ഡയറിയില്‍നിന്ന് പ്രതിദിനം മൂന്ന് ഘട്ടങ്ങളിലായി ഒരുലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ പാലാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലേക്കായി വിതരണത്തിന് കൊണ്ടുപോകുന്നത്. ചൊവ്വാഴ്ച രാവിലെ 80,000 ലിറ്റര്‍ പാല് പോകേണ്ട സ്ഥാനത്ത് 30,000 ലിറ്റര്‍ പാല് മാത്രമാണ് വിതരണത്തിനയക്കാന് കഴിഞ്ഞത്. ഇതോടെ എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പാല് കിട്ടാത്ത അവസ്ഥയുമുണ്ട്.
ശുദ്ധജലം വിലയ്ക്ക് വാങ്ങി ടാങ്കര്ലോറിയിലെത്തിച്ച് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടക്കുന്നതായിട്ടാണ് അറിയുന്നത്. വൈകിട്ടും പാല് വിതരണത്തിന് അയക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബുധനാഴ്ച രാവിലെ പാല് തീരെ കിട്ടാത്ത അവസ്ഥയുണ്ടാകും. മില്‍മയുടെ ഗുരുതര പ്രതിസന്ധി മറികടക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി അധികൃതരും ശുദ്ധജലം നല്കാന് തയ്യാറായിട്ടില്ലത്രെ. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മില്‍മയില്‍ സംഭരിക്കപ്പെടുന്ന പാല് മുഴുവന്‍ കേടായേക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. വരള്‍ച്ചയുടെ കാലത്തും പ്ലാന്റിലേക്കാവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാതെപോയത് മില്‍മ മാനേജ്മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും വിമര്‍ശനമുണ്ട്. കമ്പനിയില്‍ സ്വന്തമായി ശുദ്ധജല സംഭരണ വിതരണ സംവിധാനം ഏര്‍പ്പെടുത്തി മുന്‍കരുതലെടുക്കുന്ന കാര്യത്തിലും മാനേജ്മെന്റ് അനങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: