തൃശൂര്‍: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഫെബ്രുവരിയില്‍ നടന്ന 58-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ചരിത്രനേട്ടം കൊയ്ത കേരളത്തിലെ കുരുന്നു കായിക പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം മാസങ്ങള്‍ പിന്നിട്ടിട്ടും കൈമാറിയില്ല. മാനേജര്‍മാര്‍ക്കും പരിശീലകര്‍ക്കും പങ്കെടുത്ത മുഴുവന്‍ കായികതാരങ്ങള്‍ക്കും പാരിതോഷികം നല്‍കുമെന്ന വാഗ്ദാനം ഇപ്പോഴും ജലരേഖയായി തുടരുന്നു.
33 സ്വര്‍ണ്ണവും 26 വെള്ളിയും 18 വെങ്കലവുമടക്കം 304 പോയിന്റുകള്നേടിയാണ് ഇറ്റാവയില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചത്. അന്ന് മീറ്റിലെ മിന്നും താരങ്ങളായി മാറിയ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസ്സിലെ പി.യു. ചിത്ര, പാലക്കാട് പറളി സ്കൂളിലെ അഫ്സല് മുഹമ്മദ് എന്നിവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പാരിതോഷികമായ കാര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമ്മാനിച്ചിരുന്നു. യുവകായിക പ്രതിഭകളെ മറ്റുസംസ്ഥാനങ്ങള്‍ വേണ്ടവിധം ആദരിക്കുമ്പോഴാണ് നമ്മുടെ ഭരണാധികാരികള്‍ അവരെ അവഗണനയുടെ പൂച്ചെണ്ടുകളാല്‍ വേദനിപ്പിക്കുന്നത്.
പി.യു. ചിത്ര, അഫ്സല് മുഹമ്മദ് എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപവീതം, ദേശീയ റെക്കോര്‍ഡിന് ഉടമകളായ വിഷ്ണു ഉണ്ണി, മരിയ ജെയ്സണ്‍, ജെനിമോള് ജോയ്, ജെസ്സി ജോസഫ് എന്നിവര്‍ക്ക് 50, 000 രൂപവീതം, സ്വര്‍ണമെഡല്‍ നേടിയ ഓരോ കായികതാരങ്ങള്‍ക്കും 30,000 രൂപ വീതം, വെള്ളി-വെങ്കല മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്ക് യഥാക്രമം 25,000, 20,000 രൂപ വീതം എന്നിങ്ങനെയായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിനുപുറമെ പരിശീലകര്‍ക്കും മാനേജര്‍മാര്‍ക്കും 20,000 രൂപയും ജനറല്‍ മാനേജര്‍ക്ക് 25,000 രൂപയും പങ്കെടുത്ത മറ്റു കായികതാരങ്ങള്‍ക്ക് 5,000 രൂപയും സമ്മാനമായി നല്‍കുമെന്നും പറഞ്ഞിരുന്നു.
ഇതിനായി 27.15ലക്ഷം രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയും അതു പാലിക്കാന്‍ സംസ്ഥാന ഭരണകൂടം തയാറായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് സ്പോര്‍ട്സ് കൗണ്‍സില്‍ എത്തിയിട്ടില്ല എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് സംബന്ധിച്ച് എല്ലാ വിഭാഗങ്ങളിലേക്കും കത്തുകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് ‘ജന്മഭൂമി’യോട് പറഞ്ഞു.ഏറെ കഷ്ടതകള്‍ സഹിച്ചാണ് പലകായികതാരങ്ങളും സ്വന്തം നാടിനുവേണ്ടി ട്രാക്കിലും ഫീല്ഡിലുമിറങ്ങി നേട്ടങ്ങള്‍ കൊയ്യുന്നത്. കായിക രംഗത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത അധികാരികളുടെ പിടിപ്പുകേട് നമ്മുടെ താരങ്ങളുടെ ഭാവിയെ ചില്ലറയല്ല പിന്നോട്ടടിക്കുന്നത്. അതിനിടയിലാണ് പാരിതോഷികങ്ങളുടെയും മറ്റുംപേരിലുള്ള വഞ്ചനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: