തിരുവനന്തപുരം : രാഷ്ട്രീയ പോരാട്ടങ്ങളില്‍ പലതവണ എതിരാളികളെ വിറപ്പിച്ച, പിറവത്തെ മുന്‍ നിയമസഭാ സാമാജികനായിരുന്ന എം.ജെ. ജേക്കബ് ഒരിക്കല്‍ക്കൂടി അങ്കത്തിനെത്തി. പോരാട്ടവീര്യവുമായി കളിക്കളത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാണ് 71-ാം വയസ്സിലും എം.ജെ. ജേക്കബിന്റെ വരവ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ലോങ്ങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് 200 മീറ്റര്‍ എന്നീയിനങ്ങളിലാണ് എം.ജെ. ജേക്കബ് അങ്കത്തിനിറങ്ങുന്നത്. ഇതില്‍ ഇന്നലെ ലോങ്ങ് ജംപില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മറ്റ് ഇനങ്ങള്‍ ഇന്ന് നടക്കും.
രാഷ്ട്രീയം പോലെ കായിക രംഗത്തോടും കുട്ടിക്കാലം മുതല്‍ ജേക്കബിന് ഇഷ്ടമേറെയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കായികമേളകളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
62 മുതല്‍ 72 വരെയുള്ള കാലയളവില്‍ 1500 മീറ്റര്‍, ലോങ്ങ് ജമ്പ്, ഹര്‍ഡില്‍സ് തുടങ്ങിയ ഇനങ്ങളിലെ റെക്കോര്‍ഡുകള്‍ എം.ജെയുടെ മാറ്ററിയിച്ചു.കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി രണ്ടുവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ജേക്കബ്ബ് 1966ല്‍ എറണാകുളം കാക്കൂര്‍ കാളയോട്ട മത്സരത്തിനിടെ പരിക്കേറ്റതോടെയാണ് കായിക രംഗത്തോട് വിടപറഞ്ഞത്.
പിന്നീട് 2009-10ല്‍ നിയമസഭയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മീറ്റില്‍ ഉദ്ഘാടകനായി എത്തിയ അദ്ദേഹം 60 വയസ്സിന് മുകളില്‍ പ്രായമായവരുടെ വിഭാഗത്തില്‍ മത്സരാര്‍ഥിയുടെ വേഷമണഞ്ഞ് ചാമ്പ്യനാകുകയും ചെയ്തു. ഈ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുത്താനെത്തിയത്. പ്രത്യേക പരിശീലനമൊന്നുമില്ലായിരുന്നെന്നും വീട്ടുകാരുടെ പരിപൂര്‍ണ പിന്തു തനിക്ക് ലഭിക്കുന്നുണ്ടെന്നും എം.ജെ. ജേക്കബ് പറഞ്ഞു.
വി.വി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: