കൊച്ചി: ജാതിക്ക വിപണിയിലെ വന്‍വിലയിടിവ് മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ജാതിക്ക ഉല്പന്നങ്ങളുടെ കയറ്റുമതിരംഗത്തെ കുത്തകകളുടെ കളികളാണ് വിപണിയില്‍ വിലയിടിവിന് കാരണമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഫ്ളവറിന് 1500 രൂപ, പത്രിയ്ക്ക് 1000 പരിപ്പിന് 750, കായയ്ക്ക് 400 എന്നിങ്ങനെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഫ്ളവറിന് 700, പത്രി 500, പരിപ്പ് 400, കായ 250 എന്നിങ്ങനെയാണ് വില.
സംസ്ഥാനത്തെ ജാതിക്കയുടെ വിപണി കാലടിയാണ്. ജാതിയ്ക്ക ആഗോളവിപണിയില്‍ വന്‍ഡിമാന്റ് ഉണ്ടാവുകയും വില നല്ലരീതിയില്‍ ഉയര്‍ന്നതോടെയാണ് ഈ രംഗത്തെ കയറ്റുമതി കുത്തകകള്‍ വിപണിയില്‍ പിടിമുറുക്കുവാന്‍ തുടങ്ങിയത്. ജാതിയ്ക്കക്കും ഫ്ളവറിനുമെല്ലാം ആഭ്യന്തര വിപണിയില്‍ നല്ല വിലലഭിക്കുവാന്‍ തുടങ്ങിയതോടെയാണ് വിലനിയന്ത്രിക്കുവാനും കുറയ്ക്കുവാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചത്. കാലടിയിലെ ചെറുകിട വ്യാപാരികളെല്ലാം തന്നെ കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ജാതിയ്ക്കയും മറ്റ് ഉല്പന്നങ്ങളുമെല്ലാം വില്‍ക്കുന്നത് കയറ്റുമതി രംഗത്തുള്ള വന്‍കിട വ്യാപാരികള്‍ക്കാണ്. ഈ കുത്തക വ്യാപാരികള്‍ ചേര്‍ന്ന് പുതിയ ഒരു സംഘടന ഉണ്ടാക്കുകയും വിലനിയന്ത്രിക്കുവാന് തുടങ്ങുകയും ചെയ്തു. ആഗോളവിപണിയില്‍ എത്ര വില ഉയര്‍ന്നാലും അതനുസരിച്ച് വില ഉയര്‍ത്തുവാന്‍ ഈ വ്യവസായികള്‍ തയ്യാറാവുന്നില്ല. ഇവര്‍ വിപണിയില്‍ വിലയിടിക്കുവാനും കൂട്ടായ നീക്കം നടത്തുകയായിരുന്നു. ഇതോടെ ജാതിക്ക വില കുത്തനെ ഇടിയുവാന്‍ തുടങ്ങി. ജാതികര്‍ഷകരും ചെറുകിട വ്യാപാരികളും വന്‍ പ്രതിസന്ധിയിലായി. പരമ്പരാഗത ജാതികര്‍ഷകര്‍ മറ്റ് മേഖലകളിലേക്ക് തിരിയുവാന്‍ തുടങ്ങിയിരിക്കുകയാണ്. ജാതിക്ക വിപണിയിലെ കയറ്റുമതി കുത്തകകളെ നിയന്ത്രിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ഒരു പിടികുത്തകകള് വിപണിയിലെ വിലയിടിച്ച് കയറ്റുമതിയിലൂടെ വന്‍നേട്ടമുണ്ടാക്കുമ്പോള്‍ തകരുന്നത് പതിറ്റാണ്ടുകളായി ഈ മേഖലയെമാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകരാണ്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: