കൊച്ചി: ജില്ലയെ മഴക്കാലരോഗങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് വാര്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു നിര്‍ദേശം നല്കി.
എറണാകുളം ജില്ലയെ രോഗവിമുക്ത ജില്ലയാക്കി മാറ്റുന്നതിന് ജനപങ്കാളിത്തത്തോടുകൂടി ഓരോ പ്രദേശത്തേയും വ്യത്യസ്തമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്റ്സ് അസോസിയേഷനുകളേയും, മറ്റു സംഘടനകളേയും ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കും.
സംസ്ഥാന തലത്തില്‍ എറണാകുളം ജില്ല ആരോഗ്യരംഗത്ത് മൂന്നാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തേക്ക് ഉയരണം. പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്നും ആരംഭിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് ജില്ലയ്ക്ക് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചത് ഈ വര്‍ഷം രോഗങ്ങളെ ചെറുക്കാനായി ഓരോ പഞ്ചായത്തിനും നല്കുന്ന 25000 രൂപ ഫലപ്രദമായി ചെലവാക്കണമെന്നും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ഈ മാസം ഏഴിന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ അദാലത്തിലെ തീരുമാനങ്ങള്‍ ജില്ലയില്‍ നടപ്പാക്കും. മേടം തൊട്ട് കര്‍ക്കടകം വരെ എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ജില്ലയില്‍ ഇതുവരെ 152 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട് അതില്‍ 36 പേരും കൊച്ചി കോര്പ്പറേഷനിലുള്ളവരാണ്.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ സ്റ്റോറേജ്, വാട്ടര്‍ ടാങ്കുകളിലും, പൈനാപ്പിള്‍, റബര്‍ പ്ലാന്റേഷനുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് കൊതുകുകള്‍ പെരുകി ഡങ്കിപ്പനി പടരുന്നതെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ ചതുപ്പു നിലങ്ങള്‍ കൂടുതലുള്ള ആമ്പല്ലൂര്‍ ഭാഗത്താണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, മലേറിയ എന്നീ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നുമാണ് മലേറിയ പകരുന്നത്.
കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതും, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകും. ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ കുടിവെള്ള ടാങ്കറുകള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ വീടുകള്‍ തോറും കുടുംബ ശ്രീ പ്രവര്‍ത്തകരും ആശാ വര്‍ക്കേഴ്സും ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രതിരോധ ഗുളിക നല്‍കാനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഇതുവരെ 104 റൗണ്ട് ഫോഗിങ്ങും 205 റൗണ്ട് സ്പ്രേയിംഗും നടത്തി. 12, 19, 26 തീയതികളില്‍ ജില്ലകളില്‍ ഡ്രൈഡേ ആചരിക്കും. കൂടാതെ ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എല്ലാ പഞ്ചായത്തുകളിലുമായി ബോധവല്‍ക്കരണം നടത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫിയ ബീഗം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി ചെയര്മാന് ബാബു ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ സാജിത സിദ്ദിഖ്, കെ.കെ സോമന്, വത്സ കൊച്ചുകുഞ്ഞ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: