കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തി സെക്സ് റാക്കറ്റുകള്‍ക്ക് നല്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിലായതോടെ കേസ് വഴിത്തിരിവിലായി. ഗള്‍ഫില്‍ പെണ്‍വാണിഭം നടത്തിവന്നിരുന്ന ലിസി സോജനാണ് ഇന്നലെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഗള്‍ഫില്‍ ലിനാ ബഷീര്‍ എന്നറിയപ്പെട്ടിരുന്നു. ലിസി സോജനാണ് സെക്സ് റാക്കറ്റുകള്‍ക്ക് പെണ്‍കുട്ടികളെ നല്‍കിയിരുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ വളരെ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പെണ്‍കുട്ടികളെ സെക്സ് റാക്കറ്റുകള്‍ക്കായി കയറ്റിഅയക്കുന്ന കേസുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ എസ്ഐ രാജു മാത്യു ഉള്‍പ്പെടെ നാലുപേരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സെക്സ് റാക്കറ്റ് സംബന്ധിച്ച അന്വേഷണം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കേസില്‍ പ്രതിയായ എസ്ഐ രാജു മാത്യു സസ്പെന്‍ഷനിലായ ശേഷം മുങ്ങിയിരുന്നു. ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം കീഴടങ്ങുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ലിസി സോജന് കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിയതായി കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ ഉദ്യോഗസ്ഥന്മാരുമായുള്ള ധാരണപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ഗള്‍ഫിലെ സെക്സ് റാക്കറ്റ് സംഘത്തിന്റെ കൈകളില്‍നിന്നും രക്ഷപ്പെട്ട് എംബസിയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളാണ് ഈ സംഘങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കഴക്കൂട്ടം സ്വദേശിനിയായ 19കാരിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ക്ലീനിംഗ്, ആയ, വീട്ടുജോലി, സെയില്‍സ് ഗേള്‍ തുടങ്ങിയ ജോലികള്‍ക്ക് താല്‍പ്പര്യമുള്ള നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കണ്ടെത്തി വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കയറ്റിഅയക്കുന്നത്. ഇവിടുന്ന് കയറ്റിഅയക്കുന്ന പെണ്‍കുട്ടികളെ വിമാനത്താവളങ്ങളില്‍നിന്നും സെക്സ് റാക്കറ്റ് കേന്ദ്രങ്ങളിലേക്ക് ഏജന്റുമാര്‍ കൊണ്ടുപോകുന്നു. പെണ്‍കുട്ടികളുടെ കൈവശമുള്ള പാസ്പോര്‍ട്ടും വിലപ്പെട്ട രേഖകളും ഇവര്‍ കൈക്കലാക്കുന്നു. അജ്ഞാതകേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ നിര്‍ബന്ധിതമായി വ്യഭിചാരത്തിന് നിയോഗിക്കപ്പെടുമ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ടത് മനസ്സിലാക്കുന്നത്. ഒരുദിവസംതന്നെ പത്ത് പേരോളം ഇവരെ പീഡിപ്പിച്ചതായിട്ടാണ് വിവരം.
വന്‍ തുക കൈപ്പറ്റിയാണ് ഏജന്റുകള്‍ പെണ്‍കുട്ടികളെ വിതരണം ചെയ്യുന്നത്. ഇതിലൂടെ റാക്കറ്റുകള്‍ ലക്ഷങ്ങളാണ് കൊയ്യുന്നത്. കേരളത്തില്‍നിന്നും കയറ്റി അയക്കപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ചതിയില്‍പ്പെട്ട് കഴിയുന്നത്. സംസ്ഥാനത്തുനിന്നും ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമെല്ലാം ഈ പെണ്‍കുട്ടികളെ കാഴ്ചവെയ്ക്കാറുണ്ടത്രെ. അതുകൊണ്ടുതന്നെ കേസന്വേഷണം എങ്ങുമെത്താതെ പോകുന്നു. നേരത്തെ കേസില്‍ പിടിയിലായ നാലുപേരില്‍ എസ്ഐ രാജു മാത്യു ഒഴിച്ച് മറ്റ് മന്നുപേര്ക്കും ജാമ്യം ലഭിച്ചു. കഴക്കൂട്ടത്തെ പെണ്‍കുട്ടിയെ കയറ്റിഅയക്കുവാന്‍ ഇടനിലക്കാരിയായ ശാന്ത, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സേതുലാല്‍, ഷാജി എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്.
ഉന്നത ഇടപെടലുകള്‍ മൂലം കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. മനുഷ്യക്കടത്തുകള്‍ സംബന്ധിച്ച കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നേക്കും. ഇതിലൂടെ സെക്സ് റാക്കറ്റിന് പിന്നിലെ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ പ്രമുഖന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനായേക്കും. ഇല്ലെങ്കില്‍ കേസന്വേഷണം പിടിയിലായ അഞ്ചുപേരില്‍ ഒതുങ്ങുവാനാണ് സാധ്യത.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: