കാക്കനാട്: അന്യായങ്ങള്‍ക്ക് പ്രാമുഖ്യം വന്നിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റേതായ കാലത്ത് തൊഴിലാളികള്‍ക്കൊപ്പമാണ് തൊഴില്‍വകുപ്പുകള്‍ നിലകൊള്ളേണ്ടതെന്ന് മുന്‍ ജലവിഭവ വകുപ്പുമന്ത്രിയും കൊച്ചി റിഫൈനറി വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റുമായ എന്‍.കെ.പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു.
15 വര്‍ഷം പഴക്കമുള്ള സേവന-വേതന കരാര്‍ പുതുക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കൊച്ചി റിഫൈനറി തൊഴിലാളികള്‍ ദീര്‍ഘനാളായി സമരത്തിലാണ്. 40 റൗണ്ട് ചര്‍ച്ചകള്‍ മാനേജ്മെന്റുമായി നടന്നെങ്കിലും ഒരു കാര്യത്തിലും തീരുമാനങ്ങളിലെത്താനോ കരാര്‍ പുതുക്കാനോ കഴിഞ്ഞിട്ടില്ല. ഈ കാലയളവില്‍ തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും ബിപിസിഎല്‍ നിര്‍ത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. ശമ്പളം പുതുക്കി നിശ്ചയിക്കാത്തതുകൊണ്ട് തൊഴിലാളികള്‍ കടക്കെണിയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സേവനവേതന കരാര്‍ ചര്‍ച്ചകള്‍, കേന്ദ്ര ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് ഇടപെട്ട് ഉടനടി ആരംഭിക്കണമെന്ന് അദ്ദേഹം റീജണല്‍ ലേബര്‍ കമ്മീഷനോടും തൊഴില്‍ വകുപ്പിനോടും അഭ്യര്‍ത്ഥിച്ചു.
കൊച്ചി റിഫൈനറി എംപ്ലോയീസ് അസോസിയേഷനും കൊച്ചി റിഫൈനറി വര്‍ക്കേഴ്സ് യൂണിയന്റേയും നേതൃത്വത്തില്‍ നടന്ന ആര്‍എല്‍സി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്, കൊച്ചി റിഫൈനറി കവാടത്തില്‍നിന്നും ആരംഭിച്ച ബൈക്ക് റാലി കളക്ട്രേറ്റിന്റെ മുന്നില്‍ എത്തിയതിനുശേഷം ആര്‍എല്‍സി ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുശേഷം യൂണിയന് നേതാക്കള്‍ ആര്എല്സിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
മാര്‍ച്ചിന് കെആര്ഡബ്ല്യുയു വൈസ് പ്രസിഡന്റ് എന്‍.ആര്.മോഹന്‍കുമാര്‍, സിആര്‍ഇഎ ജനറല്‍ സെക്രട്ടറി പി.എന്‍.സുരേന്ദ്രന് നായര്‍, കെആര്ഡബ്ല്യുയു ജനറല്‍ സെക്രട്ടറി പി.പി.സജീവ്കുമാര്‍, അനില്‍.കെ.നായര്‍, പ്രദോഷ്, ജോസഫ് ഡെന്നീസ്, അനില്‍കുമാര്‍.പി.എന്‍, സുഭാഷ്.ബി, ജിഗേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: