ലാഹോര്‍: പുതിയൊരു പാക്കിസ്ഥാന് കെട്ടിപ്പടുക്കാന്‍ തെഹ്റിക്കെ ഇന്‍സാഫിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് പാക് മുന്‍ ക്രിക്കറ്റ് ക്യാപ്ടനും തെഹ്റിക്കെ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാന്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ഇമ്രാന്‍ഖാന്റെ ആഹ്വാനം. ജനങ്ങള്‍ സ്വയം മാറാതെ അവരെ മാറ്റാനാകില്ലെന്ന ഖുറാന് വചനം ഉദ്ധരിച്ചായിരുന്നു ഇമ്രാന് ഖാന്റെ വോട്ടഭ്യര്‍ത്ഥന. സ്വന്തം അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി മുന്നോട്ട് വരണമെന്നും ആരാണ് മത്സരിക്കുന്നത് എന്നതിന് അധികം പ്രാധാന്യം നല്‍കാതെ പാര്‍ട്ടിയുടെ ആശയം കണക്കിലെടുത്ത് തെഹ്റിക്കെ ഇന്‍സാഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി-ജാതി രാഷ്ട്രീയങ്ങള്‍ പാക്കിസ്ഥാനെ നശിപ്പിച്ചിരിക്കുകയാണെന്നും പുതിയ പാക്കിസ്ഥാന് രൂപീകരണത്തിന് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ഇമ്രാന് ഖാന്റെ ആഹ്വാനം വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. ചൊവ്വാഴ്ച ലാഹോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന് ഖാന് വേദിയിലേക്ക് പ്രവേശിക്കാന്‍ ലിഫ്റ്റ് വഴിയെത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ചയാണ് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. തലയോടിന് ചെറിയ പരിക്കേറ്റ ഇമ്രാന്‍ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് സജീവപ്രചാരണത്തിലായിരുന്ന തെഹ്റിക്കെ ഇന്‍സാഫ് നേതാവ് ആശുപത്രിക്കിടക്കയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: