മൊഹാലി: ഡേവിഡ് ആന്ദ്രെ മില്ലര്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന് ഇന്നലെവരെ ഐപിഎല്ലിലെ വമ്പന്‍ സ്രാവായിരുന്നില്ല. ലേലച്ചന്തയില്‍ പൊന്വില കൊടുത്ത് മില്ലറെ സ്വന്തമാക്കാന്‍ മുന്‍നിര ടീമുകള്‍ അത്രയൊന്നും മത്സരിച്ചതുമില്ല. എന്നാല്‍ കിങ്ങ്സ് ഇലവന് നന്നായറിയാം മില്ലറുടെ മാറ്റ്. അതാണവര്‍ കരുത്തനായ ഇടംകൈയനെ ആര്‍ക്കും വിട്ടുകൊടുക്കാത്തത്. ഏതായാലും ആ തീരുമാനം ടീമിന്റെ തലവരമാറ്റാന്‍ പാകത്തിലുള്ളതായി.
തിങ്കളാഴ്ച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ പഞ്ചാബി ടീമിന്റെ ഭാവി തുലാസിലായേനെ. തോല്‍വിയിലേക്കായിരുന്നു അവര്‍ നീങ്ങിയതും. പക്ഷേ, മില്ലറിലെ സാഹസികനായ പോരാളി കിങ്ങ്സ് ഇലവനെ അക്ഷരാര്‍ഥത്തില്‍ ചേസിങ് കിങ്ങ്സാക്കി. ആറുവിക്കറ്റുജയവുമായി കിങ്ങ്സ് ഇലവന് കരകയറി. ഇതോടെ പത്തുപോയിന്റുമായി അവര്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
38 പന്തില്‍ എട്ടുഫോറുകളും ഏഴ് സിക്സറുകളുമടക്കം 101 റണ്‍സെന്ന വിസ്ഫോടന പ്രകടനത്തിലൂടെ മില്ലര്‍ മൊഹാലിയുടെ രാവിനെ ഭരിച്ചപ്പോള്‍ വമ്പനടികളുടെ തമ്പുരാനായ ക്രിസ് ഗെയ്ലുപോലും നമിച്ചു നിന്നു.
ഗെയ്ലിന്റെയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധശതകങ്ങളുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 190 എന്ന സ്കോര്‍ പഞ്ചാബ് എത്തിപ്പിടിക്കുമെന്ന് ആരും കരുതിയില്ല. മന്ദീപ് സിങ് (16), ഷോണ്‍ മാര്‍ഷ് (6), ഗുര്‍കീരത് സിങ് (20), ക്യാപ്റ്റന്‍ ഡേവിഡ് ഹസി (13) എന്നിവര്‍ ബാറ്റ് താഴ്ത്തുമ്പോള്‍ കിങ്ങ്സ് ഇലവന്റെ കടുത്ത ആരാധകര്‍പോലും ഗ്യാലറിയില്‍ നിന്ന് മടങ്ങാന്‍ തയാറെടുത്തു. 48 പന്തില്‍ 102 എന്ന ഇക്വേഷന് ആരെത്തിപ്പിടിക്കാന്‍.
പിന്നീട് നടന്നതെല്ലാം വിസ്മയം. മില്ലര്‍ ഷോയില്‍ കാണികളും എതിരാളികളും തരിച്ചുനിന്നു. മുരളി കാര്‍ത്തിക്കിനെയും മോയ്സസ് ഹെന്റിക്വസിനെയുമൊക്കെ ഇടയ്ക്കിടെ ഗ്യാലറിയിലും ബൗണ്ടറിയിലുമൊക്കെ പായിച്ച് നിന്ന മില്ലറെ പുറത്താക്കാന്‍ റോയല്‍ ചലഞ്ചേഴ്സിന് അവസരം ലഭിച്ചതാണ്. എന്നാല്‍ വിനയ് കുമാര്‍ എറിഞ്ഞ പതിനാലാം ഓവറില്‍ മില്ലര്‍ ഉയര്‍ത്തിയടിച്ച പന്ത് വിരാട് കോഹ്ലിയുടെ കൈയില്‍ നിന്ന് ചോര്‍ന്നുപോയി.
ജീവന് കിട്ടിയ മില്ലര്‍ ആ ഓവറില്‍ രണ്ട് ഫോറുകളും ഒരു സിക്സറും പറത്തി. അതിലും വലിയ വിപത്ത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. തൊട്ടടുത്ത ഓവറില്‍ ആര്.പി. സിങ്ങിനെ നിലത്തുനിര്‍ത്തിയില്ല മില്ലര്‍. വിശ്വരൂപംപൂണ്ട ദക്ഷിണാഫ്രിക്കന്‍ താരം ആര്‍പിയുടെ പന്തുകളെ മൂന്നു തവണ ബൗണ്ടറിയിലേക്കും രണ്ടുതവണ ഗ്യാലറിയിലേക്കും ആട്ടിപായിച്ചു.
26 റണ്‍സ് പിറന്ന ആര്‍പി ഓവര്‍ മത്സരത്തിന്റെ ഗതിമാറ്റി. പിന്നാലെ രവി രാംപോളും മില്ലറുടെ കടന്നാക്രമണത്തിന് ഇരയായി. വിനയ് കുമാറിനെ വീണ്ടുമൊരിക്കല്‍ക്കൂടെ മില്ലര്‍ കണക്കറ്റു പ്രഹരിച്ചപ്പോള്‍ 18 പന്തില്‍ 19 റണ്‍സെന്ന എത്തിപ്പിടിക്കാവുന്ന ലക്ഷ്യം കിങ്ങ്സ് ഇലവന്റെ മുന്നില്‍.
തുടര്‍ന്ന് മില്ലറുടെ മിസെയില്‍ ഷോട്ടുകളെ ചെറുക്കാന്‍ വമ്പനടികളുടെ തമ്പുരാനായ ഗെയ്ലിനെത്തന്നെ കോഹ്ലി പന്തേല്‍പ്പിച്ചു. പക്ഷേ, സതീഷിന്റെ ബാറ്റിന്റെ ചൂടറിയാനായിരുന്നു ഗെയ്ലിന്റെ വിധി. വെസ്റ്റിന്‍ഡീസ് താരത്തെ സിക്സറിനും ഫോറിനും ദണ്ഡിച്ച സതീഷ് താനും ഒട്ടുമോശക്കാരനല്ലെന്നു തെളിയിച്ചു. ഒടുവില്‍ ഗെയ്ലിനെ സൈറ്റ് സ്ക്രീനു മുകളിലൂടെ പറത്തി മില്ലര്‍ അര്‍ഹിച്ച സെഞ്ച്വറിയും ടീമിന്റെ വിജയ റണ്‍സും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: