കോട്ടയം: മില്‍മ കോട്ടയം ഡെയറിയുടെ പ്രതിദിന സംസ്കരണശേഷി ഒരു ലക്ഷം ലിറ്ററാക്കി വര്‍ദ്ധിപ്പിക്കുമെന്ന് ചെയര്മാന് പി.എ ബാലന്‍മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ നാല്‍പ്പതിനായിരം ലിറ്ററാണ് പ്രതിദിന സംസ്കരണ ശേഷി.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ മിഷന് ഫോര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് പദ്ധതി പ്രകാരം ഒന്‍പതരക്കോടി രൂപ ചെലവഴിച്ചാണ് സംസ്കരണശേഷി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ കോട്ടയം ജില്ലയില്‍ പതിമൂന്ന് ബള്‍ക്ക് മില്‍ക് കൂളറുകള്‍ സ്ഥാപിക്കും. അഞ്ച് കോടിരൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിപ്രകാരം ജില്ലയിലെ സംഘങ്ങളെ കോട്ടയം ഡെയറിയുമായി നെറ്റ്വര്‍ക്ക്വഴി ബന്ധിപ്പിക്കാന്‍ കഴിയും.
മരങ്ങാട്ടുപള്ളിയില്‍ കാലിത്തീറ്റ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കും. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ കാലിത്തീറ്റ മിതമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും പാലിന്റെ ഉല്‍പ്പാദന ചെലവ് കുറയ്ക്കാനുമാകും.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 6.35 കോടി ചെലവില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കിടാരികളെ വിതരണം ചെയ്യും. ഇതോടൊപ്പം പട്ടികജാതി വിഭാഗത്തില്‍പെട്ടവരെ ഉള്‍പ്പെടുത്തി ഐസ്ക്രീം വിതരണ ശൃംഖല സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കോട്ടയംഡെയറി വികസന പദ്ധതിയുടെ ശിലാസ്ഥാപനം 12 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഡെയറിക്യാമ്പസില് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി ജോസഫ് അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ബോര്‍ഡ് അംഗങ്ങളായ കെ.ജെ ജേക്കബ്, ജോണ്‍ കുര്യന്, മാനേജിംഗ് ഡയറക്ടര്‍ സുശീല്‍ചന്ദ്രന്‍, ടോം തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: