ഭോപ്പാല്‍: മാധ്യമങ്ങളില്‍ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി കബില്‍ സിബല്‍. യുപിഎ ഗവണ്മെന്റിന്റെ അഴിമതി വാര്‍ത്തയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് കബില്‍ സിബല്‍ മാധ്യമങ്ങള്‍ അഴിമതിയുടെ പിടിയിലാണെന്ന് പറഞ്ഞത്.
രാജ്യത്തെ മാധ്യമങ്ങള്‍ അഴിമതിയുടെ പിടിയിലാണെന്നും അത് തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഗവണ്മെന്റിനെ ഉലയ്ക്കുന്ന പവന് കുമാര്‍ ബന്‍സാല്‍ അഴിമതി ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കൂടിയപ്പോഴാണ് കബില്‍ സിബല്‍ ഇങ്ങനെ പ്രതികരിച്ചത്.
അഴിമതി എല്ലായിടത്തുമുണ്ട്. അത് കോണ്‍ഗ്രസില്‍ മാത്രമുള്ള കാര്യമല്ല. അഴിമതി എന്റെയോ നിങ്ങളുടെയോ പ്രത്യേകാവകാശമല്ല. നിങ്ങള്‍ക്ക് പണം നല്കി ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ച് അറിയാമല്ലോ. അതും അഴിമതിയുടെ ഭാഗമായി വരുന്നതാണ് സിബല്‍ പറഞ്ഞു.
സമൂഹത്തിന്റെ ഓരോ മേഖലയിലും അഴിമതിയുണ്ട്. അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ആര്‍ക്കും സാധ്യമല്ല. പക്ഷേ കുറയ്ക്കാന്‍ സാധിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്ത സംസ്കാരം വളര്‍ത്തുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും സിബല്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളിലും അഴിമതിയുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാപനങ്ങളിലെ അഴിമതി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യം നിങ്ങളുടെ തൊഴിലിടങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കൂ സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: