പെരുമ്പാവൂര്‍: കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ പിടികൂടിയ കുഴപ്പണത്തില് കള്ളനോട്ടുകള്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ നോട്ടുകള്‍ ട്രഷറിവഴി എസ്ബിടി ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ നിക്ഷേപിക്കുന്നതിന് എത്തിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. അഞ്ഞുറ് രൂപയുടെ രണ്ട് കള്ളനോട്ടുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കള്ളനോട്ടുകള്‍ കൈവശം വച്ചതിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വെളുപ്പിനാണ് നാല്പ്പത്തിനാല് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. കോയമ്പത്തൂര്‍ ശെല്‍വപുരം 261 നമ്പര്‍ വീട്ടില്‍ അല്‍ അമീന് (30), കണ്ടന്തറ കാരോത്തുകുഴി കുഞ്ഞുമുഹമ്മദ് (53) എന്നിവരാണ് പണം കൈമാറുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പിടിയിലായത്. സീനിയര്‍ റവന്യൂ ഇന്റലിജന്സു, റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടിയത്.
പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തെങ്കിലും പണം കോടതി ട്രഷറിവിഭാഗത്തില് സൂക്ഷിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. ഇത്തരത്തില്‍ പണം പോലീസ് കാവലോടെ ബാങ്കില്‍ എത്തിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ മേഖലയിലേക്ക് ഇതുപോലെ ധാരാളം കുഴല്‍പ്പണവും കള്ളനോട്ടുകളും ഒഴുക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം കള്ളപ്പണം ഒഴുകിയെത്തുന്നത്. പണം എത്തിക്കുന്ന ഏജന്റുമാര്‍ക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നും പറയുന്നു. രാത്രികാലങ്ങളില്‍ പ്ലൈവുഡ് മേഖലയിലേക്കെത്തുന്ന തടിവ്യവസായി കളിലേക്കാണ് ഈ പണം ഒഴുകിയെത്തുന്നതെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില വ്യവസായികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: