പെരുമ്പാവൂര്‍: അക്ഷരാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രസന്നിധി ഒരു പൂരപറമ്പാവുകയായിരുന്നു. ഉറപ്പിച്ചുവച്ച ചെണ്ടകള്‍ക്ക് പിന്നില്‍ കുരുന്ന് കരങ്ങളില്‍ ചെണ്ടക്കോലുമായി ഭഗവാന്റെ തിരുമുന്നില്‍ പഞ്ചാരിമേളം അരങ്ങേറാനെത്തിയ 14 വിദ്യാര്‍ത്ഥികള്‍ ഒന്നര മണിക്കൂര്‍ നേരംകൊണ്ട് തീര്‍ത്ത വാദ്യവിസ്മയം ആസ്വാദകര്‍ക്ക് ഹരമായി. പെരുമ്പാവൂര്‍ ശ്രീശാസ്താ വാദ്യകലാ ശിബിരത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിലാണ് കുട്ടിമേളക്കാര് വാദ്യവിസ്മയമൊരുക്കിയത്.
മാതാപിതാക്കള്‍ക്കും ഗുരുതുല്യനായ തിരുവമ്പാടി വിഭാഗത്തിന്റെ മുന്‍നിരക്കാരനായ മേളചക്രവര്‍ത്തി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കും ദക്ഷിണ നല്കിയ ശേഷമാണ് കുരുന്ന് കലാകാരന്മാര് സദസിന് മുന്നിലെത്തിയത്. ആശാന് ബാലുവിനൊപ്പം ഇടവും വലവുമായി പതിനാല് പേരും അണിനിരന്നു. പിന്നീടുള്ള ഒന്നരമണിക്കൂര്‍ നേരം കലിയുഗവരദന്റെ സന്നിധിയില്‍ മേളപ്പെരുമഴ തീര്‍ക്കുകയായിരുന്നു.
പഞ്ചാരിയില്‍ രണ്ടാം കാലത്തില്‍ തുടങ്ങിയ മേളം മൂന്നും നാലും കാലം വായിച്ചശേഷം ആസ്വാദകരെ കൈയിലെടുക്കുന്ന അഞ്ചാം കാലത്തിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ അറിയാതെ താളം പിടിച്ചു. വലംതലയില്‍ കുഴൂര്‍ രവിയും ഇലത്താളത്തില്‍ കിടങ്ങൂര്‍ അപ്പു, കൊമ്പ് പുല്ലുവഴി റെനി, കുഴല്‍ നായത്തോട് ധനേഷ് എന്നിവര്‍ ചേര്‍ന്നപ്പോള്‍ ഒരു മഹാപൂരത്തിന്റെ മേളപ്പന്തിയാവുകയായിരുന്നു പെരുമ്പാവൂര്‍ ക്ഷേത്രമുറ്റം.
പതിനാല് അരങ്ങേറ്റക്കാര്‍ അണിനിരന്നതില്‍ ആറ് വയസുകാരന് ധനഞ്ജയനാണ് ഏറെ ശ്രദ്ധേയനായത്. ആശാന്റെ ഇടത്തേക്കൂട്ടായി കസേരയില്‍ ഉറപ്പിച്ച ചെണ്ടയില്‍ ആസ്വദിച്ച് കൊട്ടിക്കൊണ്ടാണ് ഈ കുരുന്നുകലാകാരന് ശ്രദ്ധേയനായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെണ്ടമേളം അഭ്യസിക്കുന്ന ധനഞ്ജയന് ഒന്നരമണിക്കൂര്‍ നേരവും ലാഘവത്തോടെ കൊട്ടിക്കയറി.
ടി.എന്‍. സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: