ന്യൂദല്‍ഹി: സൗന്ദര്യ വര്‍ധക ഉത്പന്ന നിര്‍മാതാക്കളായ ജോണ്സണ് ആന്റ് ജോണ്‍സണിന്റെ മുംബൈ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. മുംബൈയ്ക്ക് സമീപം മുലുണ്ടിലുള്ള ജോണ്സണ് ആന്റ് ജോണ്സണ് പ്ലാന്റിന്റെ ലൈസന്‍സാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അധികൃതര്‍ റദ്ദാക്കിയത്. ഈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ജോണ്സണ് ബേബി പൗഡറില്‍ മാരകമായ രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ബേബി പൗഡറിലെ ബാക്ടീരിയയെ നശിപ്പിക്കുന്നതിനായിട്ടാണ് മാരക വിഷമായ എഥിലിന്‍ ഓക്സൈഡ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പൗഡറില്‍ ഇവയുടെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി നിര്‍ബന്ധമായും നടത്തേണ്ട പരിശോധനകള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്നും കണ്ടെത്തി. വ്യവസായിക കെമിക്കല്‍സ് ഉത്പാദിപ്പിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്നതിനുമായാണ് സാധാരണ എഥിലിന്‍ ഓക്സൈഡ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം നിമിത്തം കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്നും കാന്‍സറിന് വഴി വയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ജോണ്സണ് ആന്റ് ജോണ്സണ് ബേബി പൗഡറിന്റെ ഉപയോഗം കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി ഉപഭോക്താക്കള്‍ ആരും തന്നെ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് കമ്പനി വക്താവായ പെഗ്ഗി ബല്‍മാന്‍ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. 2007 ലാണ് ഇത്തരത്തിലൊരു ശുദ്ധീകരണ പ്രക്രിയ നടന്നതെന്നും ഇത് എല്ലാവരാലും അംഗീകരിച്ച നടപടിയായിരുന്നുവെന്നും ബല്‍മാന്‍ പറഞ്ഞു. മുലുണ്ട് പ്ലാന്റ് അടച്ച് പൂട്ടിയിട്ടില്ലെന്നും തീരുമാനം പുന:പരിശോധിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബേബി ഉത്പന്നങ്ങളില്‍ ഒന്നാണ് ജോണ്സണ് ആന്റ് ജോണ്സണ്. അമേരിക്ക അസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: