ന്യൂദല്‍ഹി: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിത്തിളക്കം. ഒന്നാംറാങ്ക് മലയാളി പെണ്‍കുട്ടി സ്വന്തമാക്കിയപ്പോള്‍ ആദ്യ അഞ്ച് റാങ്കുകളില്‍ മൂന്നും മലയാളികള്‍ നേടി. 22 വര്‍ഷത്തിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ഒന്നാംറാങ്ക് നേടുന്നത്.
തിരുവനന്തപുരം തൈക്കാട് സ്വദേശി ഹരിത വി. കുമാറിനാണ് ഒന്നാംറാങ്ക് ലഭിച്ചത്. കൊച്ചി സ്വദേശി ഡോ. വി. ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും അരുണ്‍ തമ്പുരാജ് ആറാം റാങ്കും കരസ്ഥമാക്കി. പതിമൂന്നാം റാങ്ക് രാഹുല്‍, പതിനെട്ടാം റാങ്ക് തനുപ്രിയ എന്നിവര്‍ നേടി. 24-ാം റാങ്ക് കോഴിക്കോട് സ്വദേശിനി അശ്വതിയും 63-ാം റാങ്ക് തിരുവനന്തപുരം സ്വദേശിനി മഞ്ജുലക്ഷ്മിയും കരസ്ഥമാക്കി.
അവസാന അവസരത്തിലാണ് ഒന്നാംറാങ്ക് ഹരിതയെ തേടിയെത്തിയത്. ആദ്യം 2008-ല്‍, പിന്നീട് തൊട്ടടുത്ത വര്‍ഷം. അന്ന് ഐപിഎസ് സെലക്ഷന് കിട്ടിയെങ്കിലും വേണ്ടെന്ന് വെച്ചു. ഐഎഎസ് മാത്രമായിരുന്നു മനസില്‍. മൂന്നാം തവണ 179-ാം റാങ്കോടെ ഐആര്‍എസ് ലഭിച്ചു.
എറണാകുളം സെന്റ് അല്‍ബര്‍ട്ട്സ് കോളേജില്‍ സുവോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ. വെങ്കിട്ടരാമന്റേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈറ്റില ബ്രാഞ്ചില്‍ ക്ലര്‍ക്കായ രാജത്തിന്റെയും മകനാണ് ഡോ. ബി. ശ്രീറാം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായ ശേഷം ഒറീസയിലെ കട്ടക് സുഭാഷ് ചന്ദ്രബോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജനറല്‍ മെഡിസിനില്‍ എംഡിയ്ക്കു പഠിക്കുകയാണ്. ഏക സഹോദരി ലക്ഷ്മി തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ ഹൗസ് സര്‍ജനാണ്.
നാലുമാസമായി പറവൂര്‍ കുന്നുകര ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചുവരുന്ന നാലാം റാങ്കുകാരനായ ആല്‍ബി തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നിന്നുമാണ് എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയത്.
പിതാവ് ജോണ്‍വര്‍ഗീസ് കൃഷിക്കുപുറമെ അഞ്ചല്‍പ്പെട്ടിയില്‍ പഴകടയും നടത്തുന്നു. മാതാവ് ശലോമി രാമമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നേഴ്സിംങ്ങ് അസിസ്റ്റന്റാണ്. ഏക അനുജന് അതുല്‍ വര്‍ഗീസ് എന്‍ ഐ ഐ റ്റിയില്‍ പഠിക്കുന്നു.
പരീക്ഷയിലെ 24-ാമത് റാങ്ക് നേടിയ അശ്വതി കോഴിക്കോട് മലാപ്പറമ്പ് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍, ദേവഗിരി സെന്റ് ജോസഫ് കോളേജ്, എന്നീവിടങ്ങളിലെ പഠനത്തിന് ശേഷം മണിപ്പാലില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ അശ്വതി മൂന്നാംതവണയാണ് ഐഎഎസിന് വേണ്ടി പരീക്ഷയെഴുതുന്നത്. അഭിഭാഷകനും കോഴിക്കോടിന്റെ ചരിത്രകാരനുമായ അഡ്വ. ടി.സി. സെലുരാജിന്റേയും കമേഴ്സ്യല്‍ ടാക്സസ് വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച പുഷ്പയുടെയും മകളാണ്. സഹോദരന് വൈശാഖ് ദേവഗിരി കോളേജില്‍ ബിഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയാണ്.
63-ാം റാങ്ക് നേടിയ മഞ്ജു ലക്ഷ്മി ആദ്യതവണ 235-ാം റാങ്കോടെ ഇന്ത്യന്‍ റവന്യൂ സര്‍വീസും രണ്ടാംതവണ 139-ാം റാങ്കോടെ ഇന്ത്യന്‍ ഫോറിന് സര്‍വീസും ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഐഎഎസ് ലഭിക്കുന്നതിനായി വീണ്ടും പരീക്ഷയെഴുതുകയായിരുന്നു. നാഗ്പ്പൂരില്‍ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സസില്‍ ഇന്‍കംടാക്സ് അസിസ്റ്റന്റ് കമ്മീഷണറായി പരിശീലനം നേടുകയാണ് മഞ്ജുലക്ഷ്മി. കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസില്‍ അസിസ്റ്റന്റ് കമ്മീഷണറായി പരീശീലനം നേടുന്ന തിരുവനന്തപുരം കുറവന്‍കോണം സ്വദേശി ശബരീഷ്.ജി.പിള്ളയാണ് ഭര്‍ത്താവ്. തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന് തഴക്കരയുടെയും ഇന്ത്യന്‍ ബാങ്ക് കായംകുളം ശാഖ ഉദ്യോഗസ്ഥ എസ്.കൃഷ്ണകുമാരിയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: