തിരുവനന്തപുരം: കോവളത്തിലെ കടല്‍തിരമാലകളെ കീറിമുറിച്ച് ജോണ്ടിറോഡ്സ് സര്‍ഫിംഗ് നടത്തിയപ്പോള്‍ തീരത്തിന് ആവേശം. കോവളം ഹവ്വാ ബീച്ച് ക്രിക്കറ്റിലെ സ്വപ്നതാരത്തെ നേരില്‍ക്കണ്ട സന്തോഷത്തില്‍. സര്‍ഫിങ് എന്ന കായികയിനത്തിന്റെ ദേശീയതല മത്സരം നടക്കുന്ന കോവളത്ത് ഇന്ത്യന്‍ സര്‍ഫിങ് അസോസിയേഷന്റെ ക്ഷണിതാവായെത്തിയതായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ജോണ്ടി റോഡ്സ്. സര്‍ഫിങ്ങിന് ആദ്യമായാണ് കേരളം വേദിയാകുന്നത്.
ക്രിക്കറ്റ് മൈതാനങ്ങളുടെ രോമാഞ്ചമായിരുന്ന എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ വീണ്ടും ഫോമിലായത് ക്രിക്കറ്റിനു വേണ്ടിയല്ല, പകരം സര്‍ഫിങ്ങിനു വേണ്ടിയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ് ജോണ്ടി സര്‍ഫിങ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തിനു ഹോട്ടല്‍മുറിയില്‍ നിന്നെത്തിയത്.
നീലനിറത്തിലെ ടീഷര്‍ട്ടും ബര്‍മൂഡയും ആയിരുന്നു വേഷം. ആവേശം മുറ്റിനിന്ന അന്തരീക്ഷത്തില്‍ കാണികള്‍ക്കിടയിലൂടെ ആരാധകരുടെ ആര്‍പ്പുവിളിയും സ്വീകരണവും വാങ്ങിയാണ് ഹവ്വാ ബീച്ചില്‍ ഒരുക്കിയിരുന്ന ഓഡിറ്റോറിയത്തില്‍ എത്തിയത്. സ്റ്റേജിന് ചുറ്റും കൂടിയവരുടെ ആവേശം താരത്തെയും ആവേശം കൊള്ളിച്ചു. ചുറ്റും കൂടിയവരോടും പിന്നീട് മാധ്യമ പ്രവര്‍ത്തകരോടും ജോണ്ടി റോഡ്സ് ക്രിക്കറ്റിനെയും സര്ഫിങ്ങിനെയും പറ്റി സംസാരിച്ചു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം എനിക്കിഷ്ടമാണ്. കുളിര്മയുള്ള കോവളം അതിലേറെ ഇഷ്ടമാണ്. ഇതെന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ്. അതിമനോഹരവും വിസ്മയകരവുമായ കാഴ്ചയാണ് ഇന്ത്യ. ലോകത്തെല്ലായിടത്തുമുള്ളവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാകത്തില്‍ അവസരമൊരുക്കണം. ടൂറിസത്തിനു പ്രാമുഖ്യം നല്‍കണമെന്നും ജോണ്ടി റോഡ്സ് പറഞ്ഞു. ഇന്ത്യയില്‍ കടല്‍ സര്‍ഫിങ്ങിനു വന്‍ സാധ്യതകളുണ്ടെന്നു ജോണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: