വൈറ്റില: മൊബിലിറ്റി ഹബ് അപകടമേഖലയായി മാറുന്നതായി യാത്രക്കാര്‍ക്ക് ആശങ്ക. വാഹനത്തിരക്കും മറ്റും പരിഗണിച്ചാണ് നഗരകവാടമായ വൈറ്റില ജംഗ്ഷനില്‍തന്നെ വിപുലമായ മൊബിലിറ്റി ഹബ്ബിനുള്ള പദ്ധതി തയ്യാറാക്കിയത്. ഒന്നാംഘട്ടമെന്ന നിലയ്ക്കാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ്സ്റ്റാന്റ് ഒരുവര്‍ഷം മുമ്പ് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. നഗരത്തിലേയും നഗരത്തിന് പുറത്തുനിന്നുള്ളതും ഉള്‍പ്പെടെയുള്ള സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ ഹബ് ബസ്സ്റ്റാന്റ് വഴിയാണ് കടന്നുപോകുന്നത്. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ നൂറോളം സര്‍വീസുകളും ദീര്‍ഘദൂര ബസ്സുകളും ഹബ്ബുമായി ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്.
ബസ്സുകളുടെ എണ്ണത്തിലുള്ള വര്ധനവുപോലെതന്നെ ഹബ്ബിലെത്തുന്ന യാത്രക്കാരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തുടക്കത്തില്‍ ബസ്സുകള്‍ നിര്‍ത്തുന്നതും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം ഏറെ ശ്രദ്ധയോടെയായിരുന്നു. ഇതിനെല്ലാം ആവശ്യത്തിന് ജീവനക്കാരും മേല്‍നോട്ടത്തിനുള്ള സംവിധാനവും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പല പരിഷ്ക്കാരങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായി. സ്വകാര്യ ബസ്സുകള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ‘ടൈം പഞ്ചിംഗ്’ സംവിധാനം തന്നെയാണ് ഇതിന് ഉദാഹരണം.
പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക ബസ് ബേകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ഥലപ്പേരുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തുന്നത് ഒരറ്റത്താണെങ്കില്‍ അതേ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ നിര്‍ത്തേണ്ടത് ബസ്സ്റ്റാന്റിലെ മറ്റേ അറ്റത്താണ്. അതിനാല്‍ ബസ്സുകളില്‍ കയറാന്‍ യാത്രക്കാര്‍ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണുള്ളത്.
സ്റ്റാന്റിനകത്ത് വേഗതാ നിയന്ത്രണം പാലിക്കാത്തതും തലങ്ങും വിലങ്ങും നിര്‍ത്തി യാത്രക്കാരെ ഇറക്കി കയറ്റുന്നതുമാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. കൂടാതെ സ്റ്റാന്റില്‍നിന്ന് പുറത്തേക്ക് പോകുന്ന ബസ്സുകള്‍ കവാടത്തിനരികിലായി ബസ്സുകള്‍ നിര്‍ത്തുന്നതും അപകടം വിളിച്ചുവരുത്തുമെന്ന ആശങ്കയുണ്ട്.
ഏറെനേരത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ബസ്സില്‍ കയറിക്കൂടാനുള്ള തത്ത്രപ്പാടിലാണ് പലപ്പോഴും യാത്രക്കാര്‍. ഇതിനിടെ ഡ്രൈവര്‍മാര്‍ ബസ് ധൃതിയില്‍ മുന്നോട്ടെടുക്കുന്നതും വീശി വളക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവന് അപകടത്തിലാകാതെ രക്ഷപ്പെടുന്നത്. വാതില്‍ തുറന്നുപോയതിനാല് ഒരു യാത്രക്കാരന് ബസ്സില്‍നിന്നും തെറിച്ചുവീണുണ്ടായ അപകടം കഴിഞ്ഞദിവസമാണ് ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: